News Desk

2021-02-13 06:31:05 pm IST
റിയാദ്: സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂത്തി വിമതരുടെ ഭീകരാക്രമണം. ശനിയാഴ്ച വിമാനത്താവളം ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. തുടര്‍ച്ചയായി സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ബുധനാഴ്ച ഹൂത്തികള്‍ അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയക്കുകയും തുടര്‍ന്ന് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപ്പിടിക്കുകയും ചെയ്തിരുന്നു. പെട്ടന്ന് തന്നെ തീയണക്കാന്‍ കഴിഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ മേഖലയുടെ സുരക്ഷയ്ക്കും രാജ്യാന്തര സമാധാനത്തിനും ഹൂത്തികള്‍ സൃഷ്ടിക്കുന്ന ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സൗദി യു.എന്‍ രക്ഷാ സമിതിക്ക് കത്ത് അയച്ചിരുന്നു. രാജ്യാന്തര നിയമങ്ങളും യു.എന്‍ തീരുമാനങ്ങളും ലംഘിച്ച് ഇറാന്‍ പിന്തുണയോടെയാണ് ഹൂത്തികളുടെ ആക്രമണമെന്ന് ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലി കത്തില്‍ ആരോപിച്ചു.

എന്നാല്‍ സ്വന്തം ഭൂപ്രദേശങ്ങള്‍ സംരക്ഷിക്കാനും സ്വദേശികള്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും സംരക്ഷണം നല്‍കാനും ആവശ്യമായ എല്ലാ നടപടികളും സൗദി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top