Article Desk

2020-05-10 06:07:05 pm IST
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ പ്രതിസന്ധിയാണ് കൊവിഡെന്ന്  ഐക്യ രാഷ്ട്ര സഭ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ചു  280,974 പേരാണ് ഈ മഹാമാരിയിൽ ജീവനനഷ്ട്ടപെട്ടത്.  ഇത്രയും മരണസംഖ്യ ലോകത്താകമാനം ഉയരുമ്പോൾ  ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്കുള്ള രാഷ്ട്രമായി ഖത്തർ മാറിയെന്ന്  ഈ അടുത്ത് അമേരിക്ക ആസ്ഥനമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊത്തം കൊവിഡ് ബാധിതരിലുള്ള കുറഞ്ഞ മരണനിരക്കാണ് ഖത്തറിനെ വ്യത്യസ്തമാക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഖത്തറില്‍ 22,520 രോഗബാധിതരാണുള്ളത് 14 മരണമാണ് രാജ്യത്ത് ആകെ സ്ഥിരീകരിച്ചത്.

ഇതിനെല്ലാം ഒരു പ്രധാന കാരണമായി എടുത്തുപറയേണ്ടത് രാജ്യത്തെ പഴുതടച്ച ആരോഗ്യസംവിധാനങ്ങളാണ്. രാജ്യത്ത് സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയാണ് ഖത്തർ ചികിത്സ നൽകികൊണ്ടിരിക്കുന്നത്.

രാജ്യത്തെ നൂതന പരിശോധനാസംവിധാനങ്ങളുടെ ഫലമായി കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിലവിലെ കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി വളരെ ശക്തമായ നിരീക്ഷണങ്ങളാണ് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ  ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും  റെസ്റ്ററന്റുകളിലുമായി ദിനംപ്രതി നടത്തി വരുന്നത്. കൂടാതെ പൊതുഇടങ്ങളിൽ മാസ്‌ക്കുകൾ നിർബന്ധമാക്കിയതും മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്നും മന്ത്രാലയം ഇതിനോടകം നിർദേശം പുറപ്പെടുവിച്ചിരുന്നു. അതുപോലെതന്നെ വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു.    

അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ജനങ്ങളോട് പുറത്തിറങ്ങാവൂവെന്നും പരമാവധി സാമൂഹിക അകലം പാലിക്കാൻ രാജ്യത്ത് താമസിക്കുന്ന എല്ലാവരും തയ്യാറാവണമെന്നും അനാവശ്യമായ കൂടി ചേരലുകളോ മറ്റ് കുടുംബ സംഗമങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട സ്റ്റേ-അറ്റ്-ഹോം ക്യാമ്പയിനിന് ആരോഗ്യമന്ത്രി തന്നെ നേരിട്ട്  മുന്നിട്ട് വന്നിരുന്നു. ഇത്തരം നടപടിക്രമണങ്ങളെല്ലാം  വൈറസിനെ പിടിച്ചുകെട്ടാൻ  രാജ്യം ഇപ്പോഴും സ്വീകരിച്ചു കൊണ്ടിരിക്കുന്ന മാർഗങ്ങളാണ്.  

സ്വദേശികളെന്നോ വിദേശികളെന്നോ യാതൊരു വ്യതാസവുമില്ലാതെ തങ്ങളുടെ പൗരന്മാരെയും വിദേശികളെയും വൈറസിൽ നിന്നും സംരക്ഷിക്കുന്നതിനായി രാജ്യം വഹിച്ച പങ്ക് തികച്ചും പ്രശംസനീയമാണ്. കൊവിഡ്–19 മഹാമാരിയെത്തുടർന്നുണ്ടാകുന്ന വെല്ലുവിളികളിൽ നിന്നും ആഘാതങ്ങളിൽ നിന്നും രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ഉറപ്പുനല്കുകയുണ്ടായി.

ഖത്തറിന്റെ ഇത്തരത്തിലുള്ള പഴുതുകളടച്ച  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് രാജ്യം പറയുമ്പോഴും  രാജ്യത്തെ പ്രവാസികൾക്കിടയിൽ നിരവധി ആശങ്കകൾക്ക് ആക്കം കൂട്ടാൻ ദിനം പ്രതിയുള്ള വൈറസ് ബാധിതരുടെ എണ്ണം  ഒരു വലിയ കാരണമായിട്ടുണ്ട്. ദിനം പ്രതിഉയർന്നുതന്നെയുള്ള വൈറസ്‌ബാധിതരുടെ കണക്ക് തന്നെയാണ് അതിന് കാരണം. മാത്രമല്ല രാജ്യത്ത്   പലസ്ഥലങ്ങളിൽ  കൊവിഡ് ബാധിതരായ  പ്രവാസി തൊഴിലാളികൾക്ക്   വേണ്ടത്ര വൈദ്യസഹായവും പരിചരണവും ലഭിക്കുന്നില്ലായെന്ന് ആരോപണങ്ങൾ പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നു.

വൈറസ് ബാധിച്ച ആദ്യ ഘട്ടങ്ങളിൽ തൊഴിലാളികൾ സ്വയം  ക്വാറന്റൈൻ ചെയ്യണമെന്ന നിർദേശങ്ങൾ അധികാരികളിൽ നിന്നും ലഭിക്കുന്നുവെന്നും മറ്റ് സൗകര്യങ്ങളൊന്നും വൈറസ് ബാധിതർക്ക് ഒരുക്കി കൊടുക്കുന്നില്ലെന്നും വാർത്തകൾ ഉയർന്നുവന്നിരുന്നു. സമ്പൂർണ്ണ ലോക്ക് ഡൗൺ പോലെയുള്ള കർശന നിയന്ത്രണങ്ങളൊന്നും രാജ്യത്ത് നടപ്പിലാക്കാത്തതുമെല്ലാം തന്നെ പ്രവാസികൾക്കിടയിൽ അരക്ഷിതാവസ്ഥയ്ക്കും ആശങ്കകൾക്കും കാരണമായി.       

അതുപോലെ തന്നെ രാജ്യത്ത് വൈറസ് ബാധിതർ ഉയർന്ന നിൽക്കുന്ന സാഹചര്യത്തിൽ അതൊരുകാരണമാക്കി ഖത്തറിനെതിരെ സൗദി സഖ്യ മാധ്യമങ്ങൾ വ്യാപക കുപ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. ഖത്തറിലെ വിദേശ തൊഴിലാളികള്‍ ഭക്ഷണത്തിനായി യാചിക്കുകയാണെന്നും കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഭക്ഷ്യ കരുതല്‍ ശേഖരങ്ങള്‍ എല്ലാം തന്നെ കാലിയാണെന്നും, ഖത്തര്‍ വ്യവസായ മേഖലയില്‍ ജനങ്ങള്‍ ആകെ ദുരിതത്തിലാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കൂടാതെ ഖത്തറിലെ 2022 ലെ ലോകകപ്പ് നിർമാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ തകിടം മറിഞ്ഞുവെന്നും, ഖത്തറില്‍ തുര്‍ക്കി സൈന്യം ആക്രമണം നടത്തിയെന്നടക്കമുള്ള വ്യാജ വാര്‍ത്തകളാണ്  സൗദി സഖ്യ  മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.     

എന്നാൽ ഇത്തരം  വാർത്തകൾക്കും കള്ള പ്രചാരണങ്ങൾക്കും അടിസ്ഥാനമില്ലെന്നും.ഈ ആരോഗ്യ അടിയന്തരാവസ്ഥകാലത്ത് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും, രാജ്യത്ത് വസിക്കുന്നവർക്കിടയിൽ ഒരു വേർതിരിവും രാജ്യം കാണിക്കുന്നില്ലെന്നും എല്ലാവർക്കും  മികച്ച ചികിത്സ സൗകര്യങ്ങളാണ് തങ്ങൾ നൽകിവരുന്നതെന്നും ഖത്തർ ആവർത്തിച്ച് പറയുന്നു.
Top