News Desk

2021-02-11 06:39:23 pm IST

ദോഹ: ചെങ്കടലില്‍ ആഡംബര റിസോര്‍ട്ട് പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി കിരീടാവകാശിയും ചെങ്കടകല്‍ വികസന പദ്ധതിയുടെ അധ്യക്ഷനുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ റെഡ് സീ പ്രൊജക്ടിന്റെ ഭാഗമായാണ് 'കോറല്‍ ബ്ലൂം' പദ്ധതി ഒരുങ്ങുന്നത്. ദ്വീപിന്റെ ഡിസൈന്‍ കിരീടാവകാശി പുറത്തിറക്കി.

ദ്വീപിന്റെ പ്രകൃതിദത്ത പരിസ്ഥിതിക്ക് അനുയോജ്യമായ ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ 'ഫോസ്റ്റര്‍' ആണ്. ചെങ്കടല്‍ തീരത്തിനോട് ചേര്‍ന്നു കിടക്കുന്ന 90 ദ്വീപുകളിലൊന്നായ ഡോള്‍ഫിന്‍ ആകൃതിയിലുള്ള ഷുറൈറ ദ്വീപിലാണ് കോറല്‍ ബ്ലൂം പദ്ധതി ഒരുങ്ങുന്നത്. ഇതോടെ റെഡ് സീ പദ്ധതിയുടെ കേന്ദ്രമായി ഷുറൈറ ദ്വീപ് മാറും.

ഏറ്റവും മികച്ച 11 ബ്രാന്റ് ഹോട്ടലുകള്‍ക്കു പുറമെ, മണല്‍ക്കുന്നുകള്‍, ക്ലബ്ബുകള്‍, താമസ സ്ഥലങ്ങള്‍, നടപ്പാതകള്‍, ഗോള്‍ഫ് കോര്‍ട്ട്, കോറല്‍ പവലിയന്‍, താമസിക്കാനുള്ള റീഫ് വില്ലകള്‍, ക്ലബ്ബുകള്‍, ആഡംബര വില്ലേജുകള്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളും വിനോദോപാധികളും ഇവിടെയുണ്ടാകും. 

വലിയ ഉയരം കൂടിയ കെട്ടിടങ്ങള്‍ ഒഴിവാക്കിയുള്ള ഡിസൈനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം പ്രകൃതിക്കിണങ്ങുന്ന സാധനങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മണമായിരിക്കും ഇവിടെ നടക്കുക. കൊവിഡ് സാഹചര്യത്തില്‍ അതിനനുസരിച്ച മാറ്റങ്ങളും കെട്ടിടങ്ങളുടെ രൂപകല്‍പ്പനയില്‍ വരുത്തിയിട്ടുണ്ട്.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ലോകം അത്ഭുതപ്പെടുമെന്ന് റെഡ് സീ കമ്പനി സി.ഇ.ഒ ജോണ്‍ പാഗാനോ പറഞ്ഞു. സൗദി അറേബ്യയില്‍ സവിശേഷമായി കാണപ്പെടുന്ന അവിശ്വസനീയ സസ്യ-ജന്തുജാലങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആവിഷ്‌ക്കരിച്ചിരിക്കുന്ന കോറല്‍ ബ്ലൂം ആഡംബര റിസോര്‍ട്ടുകളുടെ മാതൃക ലോകത്തു തന്നെ വേറിട്ട കാഴ്ച്ചകള്‍ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെങ്കടല്‍ പദ്ധതിയുടെ കവാടം എന്ന നിലയ്ക്ക് ഏറ്റവും മികച്ച രീതിയില്‍ ഷുറൈറ ദ്വീപിനെ അണിയിച്ചൊരുക്കുകയാണ് കോറല്‍ ബ്ലൂമിലൂടെ ലക്ഷ്യമിടുന്നത്. അത് സൗദിയിലെ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ സുസ്ഥിര രൂപകല്‍പ്പനയ്ക്കുള്ള ഉത്തമ മാതൃകയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഡോള്‍ഫിന്‍ ആകൃതിയിലുള്ള ദ്വീപില്‍ പുതിയ ലഗൂണിനൊപ്പം ബീച്ചുകളും നിര്‍മ്മിക്കും.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് റെഡ് സീ ടൂറിസം പ്രൊജക്ട്. പ്രധാനമായും എണ്ണ വ്യാപാരത്തെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇതില്‍ നിന്ന് മോചിപ്പിക്കാനും സാമ്പത്തിക രംഗത്ത് വൈവിധ്യവല്‍ക്കരണം നടപ്പാക്കാനും ലക്ഷ്യം വെക്കുന്ന വിഷന്‍ 2030-ന്റെ ഭാഗമാണ് പദ്ധതി. 2030 ആകുമ്പോഴേക്ക് ജി.ഡി.പിയുടെ 10 ശതമാനം വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ലഭ്യമാക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി കടല്‍ത്തീരത്ത് നിന്ന് അധികം അകലെയല്ലാതെ വ്യാപിച്ചു കിടക്കുന്ന 50 ദ്വീപുകളില്‍ ടൂറിസ്റ്റുകള്‍ക്കായി റിസോര്‍ട്ടുകളും ഉല്ലാസ കേന്ദ്രങ്ങളും സ്ഥാപിക്കും.

2022 അവസാനത്തോടെ ആദ്യത്തെ നാല് ഹോട്ടലുകളും തുറന്ന് അതിഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ആസൂത്രണം ചെയ്ത ബാക്കി 12 ഹോട്ടലുകള്‍ 2023-ല്‍ തുറക്കും. 2030-ല്‍ പൂര്‍ത്തിയാകുമ്പോള്‍, 50 റിസോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന ചെങ്കടല്‍ പദ്ധതിയില്‍ 22 ദ്വീപുകളിലായി ആറ് ഉള്‍നാടന്‍ സൈറ്റുകളിലായി 8,000 ഹോട്ടല്‍ മുറികളും 1,300 ഓളം റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും ലഭ്യമാകും.

ചെങ്കടലിനോടു ചേര്‍ന്നു കിടക്കുന്ന ദ്വീപുകള്‍ക്കു ചുറ്റം പവിഴപ്പുറ്റുകള്‍ക്കും കടല്‍ സസ്യങ്ങള്‍ക്കും ഇടയിലൂടെ ഡൈവിംഗ് ആസ്വദിക്കാനും മേഖലയിലെ പ്രകൃതി ഭംഗിയും പൈതൃക കേന്ദ്രങ്ങളും അനുഭവിക്കാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. ബോട്ടുകളും സീപ്ലെയ്‌നുകളും സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. 

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പല രാജ്യക്കാര്‍ക്കും വിസ എടുക്കേണ്ട ആവശ്യമില്ലെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന്. പ്രകൃതി സൗഹൃദവും സുരക്ഷിതവുമായിരിക്കും ചെങ്കടല്‍ ടൂറിസം പദ്ധതിയെന്ന് സി.ഇ.ഒ ജോണ്‍ പഗാനോ അറിയിച്ചു.

പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 35,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ അവസരങ്ങളാണ് ഇവ സമ്മാനിക്കുക. ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ മുതല്‍ അത് ആവശ്യമില്ലാത്ത സാധാരണ ജോലികള്‍ വരെ ടൂറിസം പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top