News Desk

2021-02-16 09:29:23 pm IST
റിയാദ്: പ്രവാസി വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ സ്വദേശി വനിതയ്ക്ക് വധശിക്ഷ വിധിച്ച് സൗദി ക്രിമിനല്‍ കോടതി. ബംഗ്ലാദേശി സ്വദേശിയായ വീട്ടു ജോലിക്കാരി അഭിരോണ്‍ ബീഗം അന്‍സാര്‍ കൊല്ലപ്പെട്ട കേസിലാണ് ആയിഷ അല്‍ ജസാനിക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചത്.
 
2019 മാര്‍ച്ച് 24ന് ആണ് അഭിരോണ്‍ ബീഗത്തിനെ കൊലപ്പെട്ടതായി കണ്ടത്തിയത്. അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരോണ്‍ ബീഗത്തിനെ വീട്ടുടമസ്ഥ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. 

സ്വദേശി വനിതയ്ക്ക് വധശിക്ഷ വിധിച്ച കോടതി, അവരുടെ ഭര്‍ത്താവ് ബാസിം സാലിമിന് 38 മാസത്തെ ജയില്‍ ശിക്ഷയും 50,000 റിയാല്‍ പിഴയും വിധിക്കുകയുണ്ടായി. കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചു, അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവുകള്‍ മറച്ചുവച്ചു, നിയമവിരുദ്ധമായി വീട്ടുവേലക്കാരിയെ മറ്റിടങ്ങളിലേക്ക് ജോലി ചെയ്യാന്‍ പറഞ്ഞയച്ചു, ചികിത്സ നിഷേധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സ്പോണ്‍സര്‍ കൂടിയായ ഭര്‍ത്താവിന് ശിക്ഷ ലഭിച്ചത്. അതോടൊപ്പം ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത മകനെയും ഏഴു മാസം ജുവനൈല്‍ ഹോമിലാക്കാന്‍ കോടതി ഉത്തരവിട്ടു.

2017ലാണ് എട്ട് അംഗങ്ങളുള്ള സൗദി കുടുംബത്തിലേക്ക് 40കാരിയായ അഭിരോണ്‍ ബീഗം വീട്ടുജോലിക്കായി എത്തുന്നത്. അവര്‍ തുടക്കം മുതലേ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി പൊലിസ് പറയുന്നു. തിളക്കുന്ന വെള്ളം മുഖത്തൊഴിക്കുക, തല പിടിച്ച് ഇരുമ്പിന്റെ ഗ്രില്ലില്‍ ഇടിക്കുക, പട്ടിണിക്കിടുക, മറ്റ് രീതിയില്‍ മര്‍ദ്ദനങ്ങള്‍ ഏല്‍പ്പിക്കുക, ചികിത്സ നിഷേധിക്കുക തുടങ്ങിയ അതിക്രൂരമായ പീഡനമുറകളായിരുന്നു ഇവര്‍ വീട്ടുജോലിക്കാരിക്കെതിരേ പ്രയോഗിച്ചത്. 

നിരന്തരമായ പീഡനങ്ങള്‍ക്കൊടുവിലാണ് കൊലപാതകം സംഭവിച്ചത്. പീഡനത്തെ തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നതായും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. 

സൗദി നിയമപ്രകാരം ഇത്തരം കേസുകളില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബക്കാര്‍ക്ക് ഒന്നുകില്‍ പ്രതിക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാം. അല്ലെങ്കില്‍ നഷ്ടപരിഹാരം തെരഞ്ഞെടുക്കാം. അതേസമയം, അഭിരോണ്‍ ബീഗത്തിന്റെ ബന്ധുക്കള്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം വേണ്ടെന്നും ക്രൂരമായ കൊലപാതകത്തിന് അര്‍ഹിക്കുന്ന വധശിക്ഷ തന്നെ നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. 

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രവാസി തൊഴിലാളികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ തൊഴിലുടമയെ കുറ്റക്കാരിയായി കണ്ടെത്തുന്ന അപൂര്‍വ്വം വിധികളിലൊന്നാണിതെന്നാണ് വിധിയെ കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top