News Desk

2021-04-21 11:30:53 pm IST
റിയാദ്: സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ മേയ് 17ന് ആരംഭിമെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്ന് വ്യക്തമാക്കി ഔദ്യോഗിക എയര്‍ലൈനായ സൗദിയ. മെയ് 17ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞതായി സൗദിയ എയര്‍ലൈന്‍സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നിനാണു സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക സൗദി പുതുക്കിയത്. നിലവില്‍ യാത്രാ നിരോധനം ഉള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മെയ് 17ന് 20 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്ന് സൗദിയ അറിയിച്ചത്.

മെയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുമെന്നും സൗദിയ അധികൃതര്‍ അറിയിച്ചു. അതേസമയം, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കമ്മിറ്റി, കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കണക്കിലെടുത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അന്നേദിവസം സര്‍വീസ് പുനരാരംഭിക്കില്ല. ഇക്കാര്യത്തില്‍ കമ്മിറ്റിയുടെ മറിച്ചൊരു തീരുമാനം വരുന്നത് വരെ ഇത് തുടരും. ഇന്ത്യയില്‍ നിലവില്‍ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ നിരോധനം പെട്ടെന്നൊന്നും പിന്‍വലിക്കപ്പെടാനിടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി മൂന്നിനാണ് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് കമ്മിറ്റി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. അര്‍ജന്റീന, യു.എ.ഇ, ജര്‍മനി, അമേരിക്ക, ഇന്തൊനീഷ്യ, ജപ്പാന്‍, ഇറ്റലി, പാകിസ്താന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, ബ്രിട്ടിന്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, ലബനാന്‍, ഈജിപ്ത് എന്നിവയാണ് യാത്രാനിരോധനമുള്ള മറ്റു രാജ്യങ്ങള്‍. 

പട്ടികയിലെ രാജ്യങ്ങളില്‍  നിന്നുള്ള സൗദി പൗരന്മാര്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍, രാജ്യത്തേക്കു കടക്കുന്നതിന് മുന്‍പു വിലക്കുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയവര്‍ എന്നിവര്‍ക്ക് ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചു സൗദിയിലേക്ക് പ്രവേശിക്കാം. സ്വദേശി പൗരന്മാര്‍ക്കു രാജ്യത്തിന് പുറത്ത് പോകാനുള്ള വിലക്കും ഇതോടെ നീങ്ങും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Top