News Desk

2021-01-31 01:08:10 pm IST

ദോഹ: ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചതോടെ സൗദി അറേബ്യയില്‍ നിന്നും കൂടുതല്‍ ആളുകള്‍ ഖത്തര്‍ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യങ്ങള്‍ തമ്മിലുള്ള കര-വ്യോമ അതിര്‍ത്തികള്‍ തുറന്നതിനു ശേഷം ഖത്തറിനോടുള്ള സൗദികളുടെ താല്‍പ്പര്യം 70.5 ശതമാനം വര്‍ധിച്ചതായി യാത്രാ മേഖലയിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോമായ സോജെര്‍നില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ബന്ധം പുനസ്ഥാപിച്ചതോടെ അതിര്‍ത്തി കടന്ന് സഞ്ചരിക്കാനുള്ള അവസരങ്ങളോടുള്ള താല്‍പ്പര്യം ജനങ്ങള്‍ക്ക് വര്‍ധിച്ചതായി സോജെര്‍ന്‍ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗില്‍ പറയുന്നു. 

ഖത്തര്‍ സെര്‍ച്ച് ചെയ്യുന്ന സൗദികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് ബ്ലോഗില്‍ പറയുന്നു. കഴിഞ്ഞ 28 ദിവസത്തെ സെര്‍ച്ചുകളും 14 ദിവസത്തെ സെര്‍ച്ചുകളും തമ്മില്‍ താരതമ്യം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

കൊവിഡ് കാരണം അതിര്‍ത്തികള്‍ തുറക്കുന്നത് മെയ് വരെ നീട്ടിയെങ്കിലും സൗദിയിലെ യാത്രക്കാരില്‍ വലിയൊരു വിഭാഗവും വാരാന്ത്യങ്ങളിലെ ഇടവേളകള്‍ ഖത്തറില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. 

അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തുന്ന സൗദിയിലെ 35.8 ശതമാനം പേരും ഇടവേളകളിലെ ചെറിയ, പ്രാദേശിക യാത്രകളില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. എന്നാല്‍ മൂന്ന് ദിവസം വരെ അവധി ആഘോഷിക്കാനായി എത്തുന്നവര്‍ 25.35 ശതമാനമാണ്. 

രണ്ട് മുതല്‍ ഏഴ് ദിവസം വരെയുള്ള യാത്രകള്‍ക്കായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നത് 41.45 ശതമാനം പേരാണ്. ഒരു ദിവസത്തെ യാത്രയ്ക്കായി ബുക്കു ചെയ്യുന്നത് 16.9 ശതമാനം പേരാണെന്നും സോജെര്‍ന്‍ന്റെ കണക്കുകള്‍ പറയുന്നു.

അതേസമയം, മിഡില്‍ ഈസ്റ്റിലെ ആഡംബര യാത്ര ഇഷ്ടമുള്ളവരില്‍ 46 ശതമാനം പേരും യാത്രാ വിലക്ക് നീങ്ങിയാല്‍ അന്താരാഷ്ട്ര യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് യൂഗോവ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 

ദുബൈയിലെ വാര്‍ഷിക അറേബ്യന്‍ ട്രാവല്‍ മീറ്റ് എക്സിബിഷന്റെ സംഘാടകരായ റീഡ് ട്രാവല്‍ എക്സിബഷന്‍സിനു വേണ്ടി യീഗോവ് നടത്തിയ ഗ്ലോബല്‍ ഹോളിഡേ ഇന്റന്റ് സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബിസിനസ് ക്ലാസിലോ ഫസ്റ്റ് ക്ലാസിലോ വിമാനയാത്ര നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ആഡംബര യാത്രക്കാര്‍.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേര്‍ അവധിക്കാലം രാജ്യത്തിനകത്ത് തന്നെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. 25 ശതമാനം പേര്‍ ആഭ്യന്തരമോ അന്താരാഷ്ട്രമോ ആയ ബിസിനസ് യാത്ര ചെയ്യാന്‍ തീരുമാനിച്ചവരാണ്. ഈ വര്‍ഷം യാത്ര ചെയ്യാന്‍ പദ്ധതിയില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നാല് ശതമാനം പേര്‍ പറഞ്ഞത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top