ബംഗളൂരു: ബംഗളൂരുവിലെ യെലഹങ്ക മേല്‍പ്പാലത്തിന് ആര്.എസ്.എസ് ആചാര്യന് വി.ഡി. സവര്‍ക്കറുടെ പേര് നല്‍കാനുള്ള കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസും ജെ.ഡി.എസും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. യെലഹങ്കയിലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് റോഡിലാണ് മേല്‍പാലം നിര്‍മിച്ചിരിക്കുന്നത്.
മേല്‍പ്പാലത്തിന് സവര്‍ക്കറിന്റെ പേരു നല്‍കാനുള്ള ശ്രമം സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
സവര്‍ക്കറുടെ 137ാം ജന്മവാര്ഷിക ദിനമാണ് വ്യാഴാഴ്ച. ഈ ദിവസമാണ് പാലത്തിന്റെ ഉദ്ഘാടനം നടത്താനിരിക്കുന്നത്. ഫെബ്രുവരിയാണ് ബംഗളൂരു കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ 400 മീറ്റര്‍ നീളമുള്ള പുതിയ മേല്‍പ്പാലത്തിന് സവര്‍ക്കറുടെ പേര് നല്കാന് അനുമതി നല്‍കിയത്.