News Desk

2021-06-10 07:28:19 pm IST
ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. വയറുവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.

മോകംഗഡ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയാണ് പീഡനത്തിന് ഇരയായത്. പിന്നീട് പെണ്‍കുട്ടി പീഡനവിവരം രക്ഷിതാക്കളോട് തുറന്നു പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അധ്യാപകന്‍ തുടര്‍ച്ചയായി തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇയാള്‍ ഭീക്ഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. മറ്റൊരു സഹഅധ്യാപകനും ഇയാളെ സഹായിക്കാറുണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ രണ്ട് അധ്യാപകരും ഒളിവിലാണ്. 

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ സുരജ റാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കി. സഹ അധ്യാപകന്‍ ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top