News Desk

2021-05-27 11:22:43 am IST


കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലെ സ്‌കൂളുകള്‍ പൂട്ടാനും എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്. സ്‌കൂളുകള്‍ ലയിപ്പിക്കുന്നതിന്റെ മറവിലാണ് അടച്ച് പൂട്ടല്‍. 15-ഓളം സ്‌കൂളുകളാണിതുവരെ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം നാല് സ്‌കൂളുകള്‍ പൂട്ടി. മറ്റ് ചില സ്‌കൂളുകള്‍ കൂടി ഇത്തരത്തില്‍ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികള്‍ പറയുന്നു.

വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവല്‍ക്കരിക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടര്‍ വിളിച്ചു. നിലവില്‍ രണ്ട് എയര്‍ ആംബുലന്‍സുകളാണ് ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നല്‍കാനാണ് നീക്കം.

ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള കപ്പല്‍ സര്‍വീസും ക്രൂവിനെ നിയമിക്കാനുള്ള അധികാരവും ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് കൈമാറാനും പദ്ധതിയുണ്ട്. നടപടിയുടെ ഭാഗമായി നിലവിലെ കപ്പല്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടു.

ഏഴ് യാത്രാ കപ്പലുകളും എട്ട് കാര്‍ഗോ യാനങ്ങളും സ്പീഡ് യാനങ്ങളുമാണ് ലക്ഷദ്വീപില്‍ സര്‍വീസ് നടത്തുന്നത്. ഈ കപ്പലില്‍ ജോലി ചെയ്യുന്ന എണ്ണൂറോളം പേരില്‍ 70 ശതമാനവും ലക്ഷദ്വീപ് നിവാസികളും ബാക്കിയുള്ളവര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്. അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നടപടി ദ്വീപ് നിവാസികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.

കൊവിഡ് മഹാമാരിയുടെ കാലത്ത് ആറു മാസത്തിനുള്ളില്‍ കപ്പല്‍ സര്‍വീസ് ഏറ്റെടുക്കാമെന്നാണ് ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലക്ഷദ്വീപ് അധികൃതരെ അറിയിച്ചിട്ടുള്ളത്. ദ്വീപ് നിവാസികളായ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ആളുകളുടെ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നിയമിക്കുക വഴി നിരവധി പേര്‍ പുറത്താകും. ദ്വീപിന്റെ മൊത്തം സമ്പദ് വ്യവസ്ഥയില്‍ 30 ശതമാനം തദ്ദേശീയരായ കപ്പല്‍ ജീവനക്കാരുടെ വരുമാനമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top