News Desk

2021-03-11 10:11:57 pm IST
മലപ്പുറം: സമുദായത്തോട് വല്ല താല്‍പര്യവുമുണ്ടെങ്കില്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിലൂടെ സമുദായ വോട്ടുകള്‍ ഭിന്നിക്കുകയാണ് ഉണ്ടാവുകയെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി.

പാര്‍ലമെന്റില്‍ രാജ്യത്തിന്റെയും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെയും ശബ്ദം ഉയര്‍ത്താന്‍ പ്രാപ്തനും ശക്തനുമായ തസ്‌ലിം റഹ്മാനി സ്ഥാനാര്‍ഥിയായി നിലവിലുണ്ടെന്നും ആര്‍.എസ്.എസിനോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണ് തസ്‌ലിം റഹ്മാനിയെന്നും എസ്.ഡി.പി.ഐ പറഞ്ഞു. 

ജനങ്ങള്‍ ഏല്‍പ്പിച്ച ദൗത്യം വഴിയില്‍ ഉപേക്ഷിച്ചു പോയ ലീഗിന് ഇനിയും പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.

യോഗത്തില്‍ ജില്ല വൈസ് പ്രസിഡന്റ് വി.ടി ഇഖ്‌റാമുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി, ജില്ല ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ മജീദ്, ജില്ല ട്രഷറര്‍ അക്കര സൈദലവി ഹാജി ജില്ല സെക്രട്ടറിമാരായ ഹംസ.പി, എ.ബീരാന്‍കുട്ടി, മുസ്തഫ പാമങ്ങാടന്‍, ടി. എം ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Top