News Desk

2021-05-18 01:04:10 pm IST

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് മുംബൈ തീരത്ത് ബാര്‍ജുകള്‍ മുങ്ങി. ഒ.എന്‍.ജി.സിയുടെ ബാര്‍ജുകളാണ് മുങ്ങിയത്. 127 പേരെ കാണാതായതാണ് റിപ്പോര്‍ട്ട്. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നു. 

147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബാര്‍ജ് പി 305 എന്ന ബാര്‍ജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 

137 പേരുളള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് എട്ടു നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. 

ഈ ബാര്‍ജില്‍ ഉളളവരെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ബാര്‍ജ് എസ്.എസ്3യില്‍ 297 പേരാണ് ഉളളത്. ഇവരേയും രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. 

ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേര്‍ ഉളള ബാര്‍ജ് പി 305 ഒഴുകിപ്പോയെന്നും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കണമെന്നുമുള്ള സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് ഐ.എന്‍.എസ് കൊച്ചി സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേരുകയായിരുന്നുവെന്ന് നാവിക സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ദക്ഷിണ പടിഞ്ഞാറന്‍ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് എണ്ണപ്പാടങ്ങള്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് മുംബൈ തീരത്ത് രണ്ടു ബാര്‍ജുകള്‍ അപകടത്തില്‍ പെട്ടത്. കൊടുങ്കാറ്റില്‍ പെട്ട ഇവ ഒഴുകി നടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. 

ഇതിനെ തുടര്‍ന്ന് നാവിക സേനയുടെ രണ്ടു യുദ്ധകപ്പലുകള്‍ രക്ഷാപ്രവര്‍ത്തിന് വേണ്ടി തിരിച്ചു. ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് കൊല്‍ക്കത്ത എന്നീ യുദ്ധ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top