News Desk

2021-05-24 09:02:34 pm IST
തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് ലഭിക്കാതെ തിരിച്ചുപോകേണ്ടി വരുന്ന പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് പോകുന്നവര്‍ക്കായി വാക്‌സിനേഷന് പ്രത്യേക സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്ന പ്രശ്‌നമുണ്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീല്‍ഡാണ് വിദേശത്ത് അംഗീകരിച്ച വാക്‌സീന്‍. കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. 84 ദിവസത്തിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളയാല്‍ തിരിച്ച് പോകുന്നതെങ്കില്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്ന് വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ സൗകര്യമൊരുക്കും. 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങിനെ ഇളവ് ചെയ്യാമെന്നാണ് പരിശോധിക്കുക. 

ഇവിടെ ഉപയോഗിക്കുന്ന കൊവാക്‌സിന്‍ വിദേശത്ത് അംഗീകാരം ഇല്ല. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. പെട്ടെന്ന് അംഗീകാരമാകുമെന്നാണ് പ്രതീക്ഷ. കൊവാക്‌സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top