News Desk

2021-05-20 12:44:09 pm IST

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വീണ്ടും ആളുകളുടെ എണ്ണം കുറച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ പന്തലില്‍ 240 കസേര മാത്രമാവും ഉണ്ടാവുക. അധികം ആളെത്തിയാല്‍ മാത്രം കസേരയുടെ എണ്ണം കൂട്ടും.

നേരത്തെ 500 പേര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസം ആളുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

കൊവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ വേദിയിലെ കസേരകളുടെ എണ്ണം കുറച്ചിരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്തണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top