News Desk

2021-10-13 07:34:57 pm IST
കുവൈത്ത് സിറ്റി: കുവൈത്ത് ഷെയ്ഖ് ജാബര്‍ പാലത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇന്ത്യന്‍ പ്രവാസിയെ അധികൃതര്‍ രക്ഷപെടുത്തി.

ഇന്ന് രാവിലെയാണ് 36 വയസ്സുകാരനായ ഇന്ത്യക്കാരന്‍ ഷെയ്ഖ് ജാബര്‍ പാലത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

യുവാവ് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സ്വദേശി പൗരന്‍ ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ കോള്‍ സെന്ററില്‍ അറിയിക്കുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

സ്വയം വാഹനമോടിച്ചുവന്ന യുവാവ് പാലത്തില്‍ വാഹനം നിര്‍ത്തിയതിന് ശേഷം കടലിലേക്ക് ചാടുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ഉടനെ ഇയാളെ നാട് കടത്തും.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ജാബര്‍ പാലത്തില്‍ നടന്ന രണ്ടാമത്തെ ആത്മഹത്യാ ശ്രമമാണിത്. ഇന്നലെ ജാബര്‍ പാലത്തിന് മുകളില്‍ നിന്ന് കടലില്‍ ചാടി ആത്മഹത്യാ ചെയ്യാന്‍ ശ്രമിച്ച മറ്റൊരു ഈജിപ്ഷ്യന്‍ പൗരനെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. 

ടാക്‌സി കാറില്‍ ജാബിര്‍ പാലത്തിലെത്തിയ ഈജിപ്ഷ്യന്‍ പൗരന്‍, ഡ്രൈവറോട് പാലത്തില്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി കടലിലേക്ക് ചാടുകയുമായിരുന്നു.

ദേഹമാസകലം മുറിവേറ്റ ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു യൂറോപ്പ്യന്‍ യുവതിയും ജാബിര്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top