News Desk

2020-02-15 03:18:18 pm IST
വാഷിങ്ടണ്‍: ഇറാന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ട്രംപിന്റെ യുദ്ധ അധികാരങ്ങള്‍ വെട്ടികുറക്കുന്ന പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് പാസാക്കി. 45നെതിരെ 55 വോട്ടുകള്‍ക്ക് ആണ് പ്രമേയം പാസായത്. 

എന്നാല്‍ അത് ഇറാനില്‍ നിന്നുള്ള സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുമെന്ന മുന്നറിയുപ്പുമായി ട്രംപും രംഗത്തെത്തി. ഇറാനിലെ ഒരു ഉന്നത സൈനിക മേധാവിയെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് സെനറ്റര്‍മാരുടെ നടപടി. 

സെനറ്റിലെ എട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ലാമര്‍ അലക്‌സാണ്ടര്‍, ടോഡ് യങ്, മൈക് ലീ, ലിസ മര്‍കോവിസ്‌കി, സൂസന്‍ കോളിന്‍സ്, റാന്‍ഡ് പോള്‍, ബില്‍ കാസിഡി, ജെറി മോറന്‍ എന്നിവരാണ് പിന്തുണച്ച അംഗങ്ങള്‍. 

ഇറാനെതിരെ നിയമവിരുദ്ധ യുദ്ധം തടയുന്നതാണ് പ്രമേയം. യുദ്ധത്തിന് സൈന്യത്തെ വിന്യസിക്കുന്നതും പ്രമേയത്തില്‍ വിലക്കുന്നുണ്ട്. നേരത്തെ, അമേരിക്കന്‍ പ്രസിഡന്റിന്റെ സൈനികാധികാരങ്ങള്‍ വെട്ടികുറക്കുന്ന പ്രമേയം ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ് പാസാക്കിയിരുന്നു. 

'രാജ്യ സുരക്ഷയി ജീവിതം മാറ്റിവെച്ച നമ്മുടെ ചെറുപ്പക്കാരോട് ജീവിതവും ആരോഗ്യവും അപകടപ്പെടുത്തി രാജ്യത്തിനായി ആയുധമെടുക്കാന്‍ പറയും മുമ്പ് ശ്രദ്ധാപൂര്‍വ്വം ആലോചിച്ചു തീരുമാനക്കണമെന്ന്' വിര്‍ജീനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടിം കെയ്ന്‍ പറഞ്ഞു. 

അറേബ്യന്‍ കടലില്‍വെച്ച് ഒരു ഇറാനിയന്‍ കപ്പലില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് യു.എസ് നാവികസേന പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സെനറ്റ് പ്രമേയം പാസാക്കിയത്. ആയുധങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും ഇറാനിയന്‍ ശൈലിയിലുള്ളതാണെന്നും നാവികസേന വ്യക്തമാക്കിയിരുന്നു.






Top