റിയാദ്: സൗദി രാജകുടുംബാംഗമായ ഫൈസല്‍ ബിന്‍ അബ്ദുള്ള അല്‍ സൗദ് വീട്ടു തടങ്കലിലാണെന്ന് റിപ്പോര്‍ട്ട്. സൗദി മുന്‍ അധികാരി അബ്ദുള്ള രാജാവിന്റെ മകനാണ് ഇദ്ദേഹം. മാര്‍ച്ച് മാസമാണ് ഇദ്ദേഹം തടവിലായത് എന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹ്യൂമണ്‍ റൈറ്റ് വാച്ചിന് സൗദി രാജകുടുംബവൃത്തങ്ങളില് നിന്നും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. റിയാദിലെ തന്റെ വസതിയില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കഴിയവെ മാര്‍ച്ച് 27 നാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്.
ഇതിനു മുമ്പ് 2017 ല്‍ അഴിമതി കുറ്റം ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. സൗദി സര്‍ക്കാരിന്റെ അടിയന്തര മെഡിക്കല്‍ സഹായ സംഘടന മുന്‍ തലവനായിരുന്നു ഫൈസല്‍ രാജകുമാരന്. അതേസമയം, ഇദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സൗദി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാര്‍ച്ച് ആദ്യം സൗദി രാജകുടുംബാംഗങ്ങളായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീനിനെയും മുഹമ്മദ് ബിന്‍ നയ്ഫിനെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ സൗദി രാജകുമാരിയായ ബസ്മ ബിന്ദ് സൗദ് അബ്ദുല്‍ അസിസ് അല്‍ സൗദ് താന്‍ അല്‍ ഹൈര്‍ ജയിലിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
സൗദി രാജാവ് സല്‍മാന്റെ സഹോദരനാണ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ്. മുഹമ്മദ് ബിന്‍ നയ്ഫ് മുന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്നു. ഫൈസല്‍ രാജകുമാരന്റെയും വീട്ടുതടങ്കലും ഈ രണ്ടു അറസ്റ്റുമായി ബന്ധമുണ്ടോ എന്നതില്‍ വ്യക്തതതയില്ല.