News Desk

2021-03-04 02:26:38 pm IST

ദമ്മാം: സൗദി അറേബ്യയില്‍ അഴിമതിക്കേസില്‍ മുന്‍ മേജര്‍ ജനറലടക്കം 20-ലേറെ പേരെ പിടികൂടി ആഭ്യന്തര മന്ത്രാലയം. മുന്‍ മേജര്‍ ജനറല്‍, 21 ഉന്നത വ്യവസായികള്‍, ഒരു അറബ് വംശജന്‍ എന്നിവരാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിലായത്. 

അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി കരാറുകളുടെ ദുരുപയോഗം തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നിയമവിരുദ്ധമായി സ്വകാര്യ കമ്പനികള്‍ക്ക് കരാറുകള്‍ക്ക് അനുമതി നല്‍കുകയും ഇതുവഴി അനധികൃതമായി പണം സമ്പാദിക്കുകയുമായിരുന്നു ഇവരുടെ രീതി. 

ഇത്തരത്തില്‍ കൈക്കലാക്കിയ സമ്പാദ്യം രാജ്യത്തിനകത്തും പുറത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. 400 ദശലക്ഷം റിയാലോളം ഇത്തരത്തില്‍ സമ്പാദിക്കുകയും ക്രയവിക്രയം ചെയ്യുകയും ചെയ്തുവെന്നാണ് വിവരം.

അതേസമയം, വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ പണം തിരിച്ചെത്തിക്കാനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നുണ്ട്. മറ്റൊരു കേസില്‍ റോയല്‍ കോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥനും രണ്ട് സ്വദേശി പൗരന്‍മാരും കസ്റ്റഡിയിലായി. വഴിവിട്ട രീതിയില്‍ അപേക്ഷകള്‍ക്ക് അനുമതി നല്‍കുകയും പകരം കൈക്കൂലി വാങ്ങുകയും ചെയ്തു എന്നാണ് കേസ്.

ഈ കേസില്‍ 2.85 ദശലക്ഷം റിയാലോളം ഉദ്യോഗസ്ഥന്‍ കൈപ്പറ്റിയതായാണ് വെളിപ്പെടുത്തല്‍. ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ കേസിന്റെ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നതായും അഴിമതിക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top