News Desk

2021-03-20 11:18:20 am IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്‍ മന്ത്രിയും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊവിഡ് വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലകൃഷ്ണപിള്ളയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് കിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആശുപത്രിയിലുള്ളത്. 

പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മകനും എം.എല്‍.എയുമായ ഗണേഷ് കുമാറിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചുമതല ബാലകൃഷ്ണപിള്ളക്കായിരുന്നു. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതും ബാലകൃഷ്ണപിള്ളയായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top