News Desk

2022-01-18 09:35:48 pm IST
റിയാദ്: സൗദിയില്‍ ശൈത്യം ശക്തമാകുന്നു. രാജ്യത്തെ പല ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. വടക്കന്‍ മേഖലയായ തുറൈഫില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് ആറ് ഡിഗ്രിക്കും താഴെയാണ്. ഈ വര്‍ഷം ശീതകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനിലയാണ് ഇതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അല്‍ ഖുറയാത്തില്‍ മൈനസ് അഞ്ചും അറാറില്‍ മൈനസ് നാലും ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ആഴ്ചാവസാനം വരെ രാജ്യത്തെ പല പ്രദേശങ്ങളിലും മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു. തബൂക്കില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ്, മദീനയില്‍ ഒമ്പത് ഡിഗ്രി സെല്‍ഷ്യസ്, റിയാദില്‍ 11 ഡിഗ്രി സെല്‍ഷ്യസ്, മക്കയില്‍ 16 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 

കൊടുംതണുപ്പ് തുടരുന്നതിനാല്‍ കാലാവസ്ഥ സംബന്ധിച്ച് വിവരങ്ങള്‍ ഇടക്കിടെ കേന്ദ്രം പുറത്തുവിടുന്നുണ്ട്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും പ്രത്യേകിച്ച് വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അല്‍ജൗഫ്, ഹാഇല്‍, ഖസിം, തബൂക്ക് മേഖലയിലും താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തബൂക്ക് മേഖലയിലെ അല്‍ലൗസ്, അല്‍ഖാന്‍ എന്നീ ഉയര്‍ന്ന സ്ഥലങ്ങളില്‍ മഞ്ഞ് വീഴ്ച തുടരാന്‍ സാധ്യതയുണ്ട്. മൂടല്‍മഞ്ഞിനും കാഴ്ച തടയുന്ന പൊടി ഉയര്‍ത്തുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top