News Desk

2021-03-18 09:35:37 pm IST
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇരയായ പെണ്‍കുട്ടിയുടെ കൈയില്‍ രാഖി കെട്ടികൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 

ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഒമ്പത് വനിത അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് റദ്ദാക്കിയത്. 

2020 ഏപ്രിലില്‍ നടന്ന ലൈംഗിക അതിക്രമ കേസില്‍ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്. 

ഇരയുടെ സഹോദരനായി നിന്ന് സംരക്ഷിക്കാനും 11,000 രൂപ നല്‍കാനും ഇരയുടെ കുട്ടിക്ക് വസ്ത്രവും ഭക്ഷണവും വാങ്ങാന്‍ 5000 രൂപ നല്‍കാനും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടിലെത്തി കയ്യില്‍ രാഖി കെട്ടണമെന്നായിരുന്നു നിബന്ധന.

ഇരയെ പ്രതിയില്‍ നിന്നും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. മധ്യപ്രദേശ് കോടതി വിധി ഇരയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top