News Desk

2021-06-02 07:30:00 pm IST
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വീട്ടമ്മ സ്വന്തം വീട്ടിലെ ജോലിയ്ക്ക് ശമ്പളം വാങ്ങി സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ പുതിയ തീരുമാനമാണ് വീട്ടമ്മമാര്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരം ഒരുക്കിയത്. വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുന്ന പദ്ധതിയാണ് ഇതിന് കാരണമായത്. 

ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികള്‍ക്ക് ശമ്പളം നല്‍കുന്ന പുതിയ പദ്ധതിയ്ക്ക് കമ്പനി സി.ഇ.ഒ സോഹന്‍ റോയ് ഫെബ്രുവരിയില്‍ തുടക്കമിട്ടു. ഏരീസ് ഗ്രൂപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിഭാഗം മേധാവി സുധീര്‍ ബാദറിന്റെ വീട്ടമ്മയായ ഭാര്യയാണ് തനിയ്ക്ക് ലഭിച്ച ശമ്പളത്തില്‍ നിന്ന് സ്വപ്‌ന വാഹനം സ്വന്തമാക്കിയത്. 

വീട്ടമ്മമാരുടെ ഭര്‍ത്താക്കന്‍മാരുടെ ശമ്പളത്തെ ഒരു തരത്തിലും ബാധിക്കാതെ പ്രത്യേക ഫണ്ട് വഴിയാണ് ഇവര്‍ക്ക് ശമ്പളം നല്‍കി വരുന്നത്. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹോം മേക്കേഴ്സിനുള്ള ആദരവായാണ് 'സ്പൗസ് സാലറി'യെ കണക്കാക്കുന്നത്. ഇതിന് മുമ്പും ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും പ്രയോജനകരമാകുന്ന നിരവധി പദ്ധതികള്‍ ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തനിക്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുന്നുണ്ടെന്ന് ഫിജി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനമോടിക്കാന്‍ ലൈസന്‍സ് കരസ്ഥമാക്കിയ ഫിജിയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു കാര്‍ എന്നത്. അതുകൊണ്ട് തന്നെ ഏരീസ് ഗ്രൂപ്പില്‍ നിന്നും  തനിയ്ക്ക് ലഭിച്ച ശമ്പളം കൊണ്ട് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഇലക്ട്രിക് കാര്‍ വാങ്ങുകയായിരുന്നെന്നും ഫിജി കൂട്ടിച്ചേര്‍ത്തു. ഏരീസ് ഗ്രൂപ്പ് ചീഫ് ഹാപ്പിനസ് ഓഫീസര്‍ നിവേദ്യ റോയിയും ഫിജിക്ക് കാര്‍ കൈമാറുന്ന സന്തോഷത്തില്‍ പങ്കെടുത്തിരുന്നു.

ഇപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാനും തിരികെ വിളിച്ചുകൊണ്ടു വരാനും മറ്റ് ആവശ്യങ്ങള്‍ക്കും  സ്വന്തം കാര്‍ ഉപയോഗിക്കാമെന്നും നേരത്തെ എന്തെങ്കിലും ആവശ്യത്തിന് ഭര്‍ത്താവിന്റെ കാര്‍ ആണ് ഉപയോഗിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ സ്വയം പര്യാപ്തയായതായി തോന്നുന്നെന്നും ഫിജി വ്യക്തമാക്കി. ഈ പദ്ധതി വലിയ പ്രചോദനവും,  ആത്മവിശ്വാസം ഉയര്‍ത്തുന്നതും ആണെന്ന് ഫിജി പറഞ്ഞു. നേരത്തെ എമിറേറ്റ്സില്‍ ജോലി ചെയ്തിരുന്ന ഫിജി മക്കളുണ്ടായ ശേഷം അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top