News Desk

2021-04-05 03:32:41 pm IST
ദോഹ: ഖത്തറില്‍ പ്രാദേശിക ചെമ്മരിയാട് ഉല്‍പ്പാദനത്തില്‍ നേട്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. റമദാനോടനുബന്ധിച്ച് ചെമ്മരിയാടുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ചെമ്മരിയാടുകളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരികളുമായി കരാര്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ചില ഫാം ഉടമകള്‍ വിപണനത്തിനായി സമൂഹമാധ്യമങ്ങളെയടക്കം ആശ്രയിക്കുന്നുണ്ട്. 

അതേസമയം, അറബ് മാംസ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക്് എത്തിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികള്‍ കൂടുതല്‍ സബ്‌സിഡി നല്‍കേണ്ടതുണ്ടെന്നും ഫാം ഉടമകള്‍ ആവശ്യപ്പെടുന്നു. കൂടാതെ കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും കൂടുതല്‍ പിന്തുണ നല്‍കണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ നിന്ന് മികച്ച ഇനം ചെമ്മരിയാടുകളെ ഖത്തറിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെടുന്നു. 

ഇതുസംബന്ധിച്ച് 'അല്‍ റായ'  ദിനപത്രം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് കന്നുകാലി കൃഷി കണക്കെടുപ്പ് നടക്കുന്നുണ്ട്. കാര്‍ഷികമേഖലയില്‍ പുതിയ നയം രൂപവത്കരിക്കാനും മേഖലയുടെ വികസനത്തിനായി പുതുപദ്ധതികള്‍ ആവിഷ്‌കരിക്കാനുമാണ്  വിവരശേഖരണം നടത്തുന്നത്. 2023 ല്‍ കാര്‍ഷിക മേഖലയിലെ സ്വയംപര്യാപ്തത 70 ശതമാനത്തിലേക്ക് എത്തിക്കുകയാണ്  ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. 

ഭക്ഷ്യമേഖലയിലെ വിവിധ പദ്ധതികള്‍ മൂലം രാജ്യത്തെ കന്നുകാലി സമ്പത്തില്‍  ഗണ്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1230 കൃഷിഫാമുകള്‍, 7200 കന്നുകാലി ഫാമുകള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് സെന്‍സസ് നടപടികള്‍ നടക്കുക. മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ലൈവ്‌സ്‌റ്റോക്ക് വകുപ്പിന്റെ നിലവിലുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ  കന്നുകാലികളുടെ എണ്ണം 17,07,547 ആണ്. ഒട്ടകങ്ങള്‍, ചെമ്മരിയാടുകള്‍, പശു, ആടുകള്‍ എന്നിവ ഉള്‍പ്പടെയാണ്. 

ഫാമുകളിലെ  കന്നുകാലികളുടെ ദേശീയ രജിസ്റ്റില്‍ 2016 ആഗസ്റ്റ് അവസാനം വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1.2 മില്ല്യണ്‍  കന്നുകാലികളാണ്. 1,31,080 ആണ് ആകെയുള്ള ഒട്ടകങ്ങളുടെ എണ്ണം. ചെമരിയാടുകള്‍ 10,94,217 എണ്ണമുണ്ട്. ആടുകള്‍ 4,41,279  എണ്ണമാണുള്ളത്. ആകെയുള്ള പശുക്കള്‍ 40,971 ആണ്. ആകെയുള്ള കന്നുകാലി കര്‍ഷകരുടെ എണ്ണം 17,866  ആണ്. 2000ത്തിലാണ് കാര്‍ഷിക കന്നുകാലി മേഖലയില്‍ അവസാന കണക്കെടുപ്പ് നടത്തിയിരുന്നത്.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top