News Desk

2021-03-27 01:09:24 pm IST
കെയ്‌റോ: ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലില്‍ ഗതാഗതം തടസ്സപ്പെടുത്തി കുറുകെ കുടുങ്ങിയ എവര്‍ ഗ്രീന്‍ ചരക്കുകപ്പല്‍ ഇപ്പോഴും വഴിമുടക്കി കിടക്കുകയാണ്.  നിയന്ത്രണം നഷ്ടമായാണ് കനാലിന് കുറുകെയായി കപ്പല്‍ നിന്നത്. ഇനി കപ്പല്‍ നീക്കണമെനങ്കില്‍ സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്യേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. മണലും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തുടരുകയാണ്. 

കപ്പലിന്റെ മുന്‍ഭാഗത്തുള്ള ബല്‍ബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതല്‍ 20,000 ഘനമീറ്റര്‍ വരെ മണല്‍ നീക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോള്‍ ഏകദേശം 900 കോടി ഡോളറാണ് ഒരു ദിവസത്തെ മാത്രം നഷ്ടം.

1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെവലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും ഈ കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും 25 ഇന്ത്യക്കാരായ ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സര്‍വ്വീസ് നിയന്ത്രിക്കുന്നത്

നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണ് ഇത്. മൂന്നു വര്‍ഷം മുമ്പ് ജപ്പാനില്‍ നിര്‍മിച്ചതാണ് ഈ കപ്പല്‍. രണ്ടു ലക്ഷം ടണ്‍ ആണ് കപ്പലിന്റെ ചരക്ക് ശേഷി. ജപ്പാനിലെ ഷൂയി കിസെന്‍ കയ്ഷ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് കപ്പല്‍ കമ്പനി പറയുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



        

Top