News Desk

2021-02-27 09:14:27 pm IST
മലപ്പുറം: മുസ്ലീം ലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗിനെ ക്ഷണിക്കാന്‍ ശോഭാ സുരേന്ദ്രനും  ബി.ജെ.പിയും വളര്‍ന്നിട്ടില്ലെന്നും ആ വെള്ളം അങ്ങോട്ട് വാങ്ങി വെച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പിക്ക് നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണെന്നും ഇടതുപക്ഷം സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് ക്ഷണിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ലീഗിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം ആരംഭിക്കുകയും ചെയ്തിരുന്നു.

അതേസമയം, തന്റെ നിലപാട് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍ ഇന്നും രംഗത്തെത്തി. മോദിയുടെ നേതൃത്വം അംഗീകരിച്ചാല്‍ ലീഗിനെ ബി.ജെ.പി ഉള്‍ക്കൊള്ളുമെന്നാ  വിജയയാത്രയില്‍ ശോഭ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ലീഗിന് സി.പി.ഐ.എമ്മിനോട് സഹകരിക്കാനാവില്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുസ്ലിം ലീഗിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ നിലപാട് തള്ളിക്കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെയും മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുരേന്ദ്രന്‍ സംസാരിച്ചിരുന്നു. 

രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗെന്നും മുസ്ലീം ലീഗുമായി ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനിടെ ബി.ജെ.പിയില്‍ ഒരു സ്ഥാനവുമില്ലാത്ത ശോഭ സുരേന്ദ്രന്‍ മുസ്ലീം ലീഗിനെ സ്വാഗതം ചെയ്ത സംഭവം ഗൗരവമായി എടുക്കേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top