News Desk

2021-05-30 02:47:46 pm IST
ലഖ്‌നൗ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. യു.പിയിലെ ബല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയയാളാണ് മൃതദേഹം നദിയിലേക്ക് എറിയുന്നത്.

സമൂഹമാധ്യമങ്ങളില്‍ നിരവധി തവണ പങ്കുവെക്കപ്പെട്ട വീഡിയോയില്‍ രണ്ട് ആളുകള്‍ ചേര്‍ന്ന് കോട്ടവാലി മേഖലയിലെ നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇതിലൊരാള്‍ പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലൊഴുക്കിയതെന്ന് പൊലീസ് പറഞ്ഞതായി നിരവധി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മേയ് 25നാണ് കൊവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ മേയ് 28ന് മരിച്ചു. പ്രേംനാഥിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍, അവര്‍ സംസ്‌കാരം നടത്താതെ മൃതദേഹം നദിയില്‍ ഒഴുക്കുകയായിരുന്നുവെന്ന് ബല്‍റാംപൂര്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top