News Desk

2021-02-25 02:38:38 pm IST

ചേര്‍ത്തല: ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ബി.ജെ.പി ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ വ്യാപക അക്രമം. അഞ്ചു കടകള്‍ തകര്‍ക്കുകയും മൂന്നെണ്ണത്തിന് തീവെക്കുകയും ചെയ്തു. 

എസ്.ഡി.പി.ഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി സുനീര്‍, എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്‍ എന്നിവരുടെ കടകളും തീവെച്ചവയില്‍ ഉള്‍പ്പെടും. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആര്‍.എസ്.എസ് നാഗംകുളങ്ങര ശാഖ പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിക്കും.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ സുനീര്‍, ഷാജുദീന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 

സംഘര്‍ഷത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചക്ക് എസ്.ഡി.പി.ഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ വൈകിട്ട് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പ്രതിഷേധ പ്രകടനവും നടത്തി. 

പ്രകടനങ്ങള്‍ക്കു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് സംഘര്‍ഷവും ആക്രമണവും. ഇരുവിഭാഗവും തമ്മില്‍ കല്ലേറും കൂട്ടത്തല്ലുമുണ്ടായി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top