News Desk

2021-08-16 03:42:25 pm IST
ദോഹ: ഖത്തറിലേക്ക്  വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനായി ഡിസ്‌ക്കവര്‍ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന് മുറികള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ യാത്രക്ക് തയ്യാറെടുത്തിരിക്കുന്ന പ്രവാസികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഖത്തറില്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന സമയത്താണ് ഇത്തരത്തില്‍ ക്വാറന്റൈനുള്ള മുറികളുടെ ലഭ്യത കുറവ് അനുഭപ്പെടുന്നത്. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കുടുംബങ്ങളും വ്യക്തികളും വലഞ്ഞിരിക്കുകയാണ്. 

നിലവിലെ സാഹചര്യമനുസരിച്ച് രണ്ട് ദിവസത്തെ ക്വാറന്റൈന് ആവശ്യമായ ഹോട്ടല്‍ മുറികള്‍ സെപ്റ്റംബര്‍ 10 വരെ ഡിസ്‌ക്കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ദിവസത്തെ ക്വാറന്റൈന് ഹോട്ടല്‍ മുറികള്‍ ആഗസ്റ്റ് 29 വരെ മുറികള്‍ ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. 

പുതിയ യാത്രാ നയം അനുസരിച്ച് ആഗസ്റ്റ് രണ്ട് മുതല്‍ ഖത്തറിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഖത്തറില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും മറ്റു രാജ്യങ്ങളില്‍ നിന്ന് അംഗീകൃത വാക്സിനെടുത്തവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്വാറന്റൈന് മുറികള്‍ ലഭ്യമല്ല എന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്.

ഖത്തര്‍ മുഖേനെയാണ് നിരവധി പ്രവാസികള്‍ യു.എ.ഇ, സൗദി എന്നിവിടങ്ങളിലേക്ക് പോകുന്നത്. അതിനാല്‍ ഖത്തറിലെത്തി ഹോട്ടല്‍ ബുക്ക് ചെയത് ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇതിനാലാണ് ഹോട്ടല്‍ മുറികള്‍ നിലവില്‍ ലഭ്യമല്ലാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top