News Desk

2021-05-26 03:46:50 pm IST
ദോഹ: ഖത്തറില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ശൂറാ കൗണ്‍സിലിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി അധികൃതര്‍. കാബിനറ്റ് ജനറല്‍ സെക്രട്ടറിയേറ്റിലെ നിയമനിര്‍മാണ വിഭാഗം മേധാവി അബ്ദുല്‍ അസീസ് മുബാറക് അല്‍ ബൂഐനൈന്‍ ആണ് ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.  ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ ബൂഐനൈന്‍.

തെരഞ്ഞെടുപ്പിന്റെ കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മിറ്റി രൂപീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അല്‍താനി ഉത്തരവിട്ടത്. അമീറിന്റെ പ്രഖ്യാപനം വന്നത് മുതല്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭരണഘടന മുന്നോട്ടുവെച്ച സമയക്രമം പാലിച്ചാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു. ശൂറാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പായാണ് തെരഞ്ഞെടുപ്പിന്റെ കരട് നിയമത്തിന് അംഗീകാരം ലഭിച്ചതിനെ കണക്കാക്കുന്നത്. വളരെ അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകളിലേര്‍പ്പെടുന്നത്. ഖത്തറിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലിലേക്കാണ് നാം ചുവടുവെച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍താനി അധ്യക്ഷനായ ശൂറാ കൗണ്‍സില്‍ ഇലക്ഷന്‍ സുപ്രീം കമ്മിറ്റിയാണ് കരട് നിയമത്തിന്റെ തയാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരിക്കുന്നത്. വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കുമുണ്ടായിരിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ വോട്ടര്‍ പട്ടികയിലേക്കുള്ള രജിസ്‌ട്രേഷന്‍, തെരഞ്ഞെടുപ്പ് പ്രചാരണം, ഫലപ്രഖ്യാപനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കരട് നിയമത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കരട് നിയമത്തില്‍ ഉള്‍പ്പെടുന്ന വ്യവസ്ഥകള്‍

* കരട് നിയമപ്രകാരം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി രാജിവയ്ക്കാതെ തന്നെ ശൂറ കൗണ്‍സിലിലേക്ക് മല്‍സരിക്കാം. വോട്ടര്‍ രജിസ്ട്രഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമത്തില്‍ പറയുന്നുണ്ട്. 

* തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 20 ലക്ഷം റിയാലാണ് ചെലവഴിക്കാനാവുക. ഇതിന് മേല്‍നോട്ടം വഹിക്കാനും പണത്തിന്റെ ഉറവിടം നിരീക്ഷിക്കാനും സംവിധാനമുണ്ടാവും.

* സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് പൊതു, സ്വകാര്യ മാധ്യമങ്ങള്‍ പക്ഷപാതിത്വമില്ലാത്ത രീതിയില്‍ ഇടം നല്‍കണം. 

* പൊതു സ്ഥലങ്ങളില്‍ പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കുന്നതിലും പക്ഷപാതിത്വം പാടില്ല.

* മന്ത്രിമാര്‍, ജൂഡീഷ്യറി അംഗങ്ങള്‍, സൈനികര്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മല്‍സരിക്കാനാവില്ല. 

* സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ നിയമിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും വോട്ടെടുപ്പും വോട്ടെണ്ണലും നിയന്ത്രിക്കുക.

* വിദേശ ഇടപെടല്‍, വോട്ട് പണം കൊടുത്ത് വാങ്ങല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകTop