News Desk

2022-01-14 10:30:31 pm IST
ന്യൂഡല്‍ഹി: പാസഞ്ചര്‍ വാഹനങ്ങളുടെ സുരക്ഷാകാര്യത്തില്‍ പുതിയ പഖ്യാപനവുമായി കേന്ദ്രം. എട്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്ന പാസഞ്ചര്‍ വാഹനങ്ങളില്‍ (പി.വി) ഇനിമുതല്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 

നിലവില്‍ പി.വികളില്‍ രണ്ട് എയര്‍ബാഗുകളാണ് നിര്‍ബന്ധമായും പിടിപ്പിക്കേണ്ടത്. ഡ്രൈവര്‍, മുന്‍ പാസഞ്ചര്‍ എന്നിവര്‍ക്കാണിത്. ഡ്രൈവര്‍ എയര്‍ബാഗ് 2019 ജൂലൈയിലാണ് നിര്‍ബന്ധമാക്കിയത്. 2022 ജനുവരി മുതല്‍ മുന്‍ പാസഞ്ചര്‍ക്കും എയര്‍ബാഗ് നിയമംമൂലം നടപ്പാക്കി. പുതിയ തീരുമാനത്തോടെ നാല് എയര്‍ബാഗുകള്‍കൂടി വാഹനങ്ങളില്‍ വരും. മുന്‍ യാത്രക്കാര്‍ക്കായി രണ്ട് ടോര്‍സോ എയര്‍ബാഗുകളും പിന്നില്‍ രണ്ട് കര്‍ട്ടന്‍ എയര്‍ബാഗുകളുമാണ് നിര്‍ബന്ധമാവുക.

'മുന്നിലേയും വശങ്ങളിലേയും കൂട്ടിയിടികളുടെ ആഘാതം കുറക്കാന്‍ നാല് എയര്‍ബാഗുകള്‍കൂടി നിര്‍ബന്ധമാക്കും. രാജ്യത്തെ വാഹന സുരക്ഷയുടെ കാര്യത്തിലെ നിര്‍ണായക ചുവടുവയ്പ്പാണിത് '-ഗഡ്കരി ട്വീറ്റില്‍ പറഞ്ഞു.നിയമത്തിന്റെ കരട് വിജ്ഞാപനത്തിന് അംഗീകാരം മാത്രമാണ്  നിലവില്‍ നല്‍കിയിരിക്കുന്നത്. അതേസമയം, എന്നുമുതല്‍ പുതിയ നിയമം നടപ്പാക്കണമെന്ന് കേന്ദ്ര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റോഡ് മരണങ്ങള്‍ നടക്കുന്ന രാജ്യമായ ഇന്ത്യയില്‍ പുതിയ തീരുമാനത്തോടെ അതിന് നേരിയ കുറവെങ്കിലും വരും. എന്നാല്‍ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ വാഹനങ്ങളുടെ വില കാര്യമായി ഉയരും എന്നതാണ് ഇതിന്റെ ദോഷവശം. 

ഏറ്റവും ചെറിയ പാസഞ്ചര്‍ വാഹനങ്ങളായ മാരുതി ഓള്‍േട്ടാ, ഹ്യൂണ്ടായ് സാന്‍ട്രോ, റെനോ ക്വിഡ് തുടങ്ങിയവയുടെയല്ലാം വില കാര്യമായി ഉയരും. വാഹന കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍, 8,000 മുതല്‍ 10,000 രൂപവരെയാണ് അധികം വരുന്ന എയര്‍ബാഗുകളുടെ ചിലവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് മന്ത്രി പറയുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top