News Desk

2021-03-16 10:46:30 pm IST

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് സ്ഥാനാര്‍ഥിത്വം ഉറപ്പായത്. മറ്റന്നാള്‍ മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതോടെയാണ് ശോഭയുടെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായത്. സ്ഥാനാര്‍ഥിയാകുന്ന വിവരം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയത്. അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ കഴക്കൂട്ടത്ത് ഒരു സസ്പെന്‍സ് ഉണ്ടെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ആ സസ്പെന്‍സ് നിലനിര്‍ത്താനോ അതിന് അനുസരിച്ച സ്ഥാനാര്‍ഥിയെ കൊണ്ടുവരാനോ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ശോഭ സ്ഥാനാര്‍ഥിയാകുന്നത്.

നേരത്തെ ശോഭ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും മത്സരിക്കും എന്ന് ടി.വിയില്‍ കണ്ടുവെന്നുമാണ് ശോഭ പ്രതികരിച്ചത്. കഴക്കൂട്ടത്ത് കടകംപള്ളിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും ശോഭ പറഞ്ഞിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top