News Desk

2021-05-25 09:04:52 pm IST

ന്യൂഡല്‍ഹി: ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളെയുണ്ടായേക്കും. സമൂഹ മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നിരോധനം നേരിടുമോയെന്ന ആശങ്ക ഉയരുന്നത്. മെയ് 25-നുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു കേന്ദ്രം സമൂഹ മാധ്യമങ്ങള്‍ക്കു നല്‍കിയ നിര്‍ദേശം. 

ഈ വര്‍ഷം ഫെബ്രുവരി 25-നാണ് കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍ മുതലായ സമൂഹ മാധ്യമങ്ങളെ ലക്ഷ്യം വച്ച് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 അവതരിപ്പിച്ചത്. മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിക്കുകയും ചെയ്തു. 

ഇന്ന് (മെയ് 25) അനുവദിച്ച സമയം അവസാനിക്കുമ്പോള്‍ ഭൂരിഭാഗം സമൂഹ മാധ്യമ ഭീമന്മാരും പുതിയ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ട്വിറ്ററിന് സമാനമായ ഇന്ത്യന്‍ സമൂഹ മാധ്യമമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ളത്.

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. നിയമങ്ങള്‍ പാലിക്കാത്തിനാല്‍ ക്രിമിനല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. 

സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങള്‍ക്കു പുറമെ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും.

ഈ നിയമം ഇന്ത്യന്‍ ഒഫീഷ്യലുകള്‍ക്ക് വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ആക്ഷേപകരമായ പോസ്റ്റുകള്‍ നീക്കുന്നതും ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീര്‍പ്പ്കല്‍പ്പിക്കാനും സ്വമേധയ നടപടി എടുക്കാനുമുള്ള അധികാരം നല്‍കുന്നു. 

ഇന്ത്യയിലെ സമൂഹമാധ്യമ ഉപഭോക്താക്കള്‍ക്ക് പരാതി ഉന്നയിക്കേണ്ടത് എവിടെയാണെന്ന ധാരണപോലുമില്ലാത്ത നിലവിലെ സാഹചര്യത്തിന് പരിഹരമാകും ഈ ഐ.ടി നിയമങ്ങളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, സര്‍ക്കാരിനെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനും സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായും പുതിയ നിയമഭേദഗതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

അതേസമയം, സര്‍ക്കാരുമായി ഇത് സംബന്ധിച്ച സമ്പര്‍ക്കത്തിലാണ് ഫേസ്ബുക്ക് എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെനന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞത്. എന്നാല്‍ ട്വിറ്റര്‍ പോലുള്ള മറ്റുള്ള സമൂഹ മാധ്യമങ്ങളുടെ നിലപാട് എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. 

പുത്തന്‍ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താത്ത പക്ഷം ഈ മാധ്യമങ്ങളുടെ 'ഇന്റര്‍മീഡിയറി മീഡിയ' എന്ന സ്ഥാനം നഷ്ടമാകും എന്നാണ് വിവരം. അതായത് സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷ ഇതോടെ അസാധുവാകും. ഇതോടെ ഈ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തില്‍ അതൃപ്തിയുള്ള ആര്‍ക്കും വ്യക്തിയെ അല്ലെങ്കില്‍ സ്ഥാപനത്തെ കോടതിയില്‍ ഇന്റര്‍മീഡിയറി മീഡിയ പരിരക്ഷ ഇല്ലാതെ ചോദ്യം ചെയ്യാം.

എന്താണ് പുതിയ നിയമങ്ങള്‍

50 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 2000, ഇന്റര്‍മീഡിയറി നിയമം അനുസരിച്ച് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി ഏകോപിപ്പിക്കുന്നതിനുള്ള ഒരു നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസര്‍, 24 മണിക്കൂറിനുള്ളില്‍ പരാതികള്‍ അംഗീകരിക്കുന്നതിനും 15 ദിവസത്തിനുള്ളില്‍ പ്രതികരിക്കുന്നതിനും ഒരു റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ നിയമിക്കണം. ഈ ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ ആയിരിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ ഒരു കോണ്‍ടാക്റ്റ് വിലാസം ആവശ്യമാണ്. മാത്രമല്ല മേല്‍പറഞ്ഞ ഉദ്യോഗസ്ഥരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ സമൂഹ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിലും അപ്ലിക്കേഷനുകളിലും പ്രദര്‍ശിപ്പിക്കണം.

പ്ലാറ്റ്‌ഫോമുകളില്‍ പങ്കിട്ട സന്ദേശങ്ങള്‍ ആരാണ് ആദ്യം പോസ്റ്റ് ചെയ്തത് എന്ന് തിരിച്ചറിയാന്‍ സാധിക്കണം എന്നാണ് മറ്റൊരു നിര്‍ദേശം. ഉറവിടമില്ലാതെ ഫോര്‍വേഡ് മെസ്സേജുകള്‍ അയക്കുന്നത് തടയാനാണ് ഈ നടപടി എന്നാണ് വാദം എങ്കിലും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടഷന്‍ (ഐ.എഫ്.എഫ്) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഈ നിര്‍ദേശത്തെ വിമര്‍ശിക്കുന്നുണ്ട്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ബാധിക്കുകയും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ആക്ഷേപകരമായ ഉള്ളടക്കം നീക്കംചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായം നേടണം എന്നും പുതിയ നിയമങ്ങള്‍ ആവശ്യപ്പെടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top