News Desk

2021-04-08 10:26:21 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് പൊതുജനത്തെ പഴിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പണികൊടുത്ത് സോഷ്യല്‍ മീഡിയ. തെരഞ്ഞെടുപ്പ് കാലത്ത് പങ്കുവെച്ച ട്വീറ്റുകളും ചിത്രങ്ങളും കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ പണികൊടുത്തത്.

ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാണിച്ചതാണ് രാജ്യത്ത് വീണ്ടും കൊവിഡ് വര്‍ധനവിന് കാരണമെന്നായിരുന്നു മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞത്.



കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പെര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2020 സെപ്റ്റംബറില്‍ കുത്തനെ കൂടിയ കൊവിഡ് നിരക്ക് ഒരുവേള താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കേസുകള്‍ വര്‍ധിക്കുകയാണ്.



കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ അലംഭാവം കാണിച്ചത് രോഗ വര്‍ധനവിന് കാരണമായി. തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും രോഗ വ്യാപനത്തിന് കാരണമായതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരോഗ്യമന്ത്രിയടക്കം ഉന്നത കേന്ദ്രങ്ങള്‍ വീഴ്ച്ച വരുത്തിയെന്നാണ് ആരോപണം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും പോലെ തന്നെ ബി.ജെ.പിയുടെ ജനങ്ങള്‍ നിറഞ്ഞ വേദികളുടെ ചിത്രങ്ങള്‍ മന്ത്രി ഹര്‍ഷ് വര്‍ധന്‍ തന്നെ പലപ്പോഴായി പങ്കുവെച്ചിരുന്നു. അന്ന് എന്തുകൊണ്ട് മന്ത്രിക്ക് ഈ ജാഗ്രത ഉണ്ടായില്ല എന്നും സോഷ്യല്‍ മീഡിയ പരിഹസപൂര്‍വം ചോദിക്കുന്നു.

Tags :
Covid India
Top