News Desk

2021-02-16 06:31:28 pm IST
ന്യൂഡല്‍ഹി: കൊവിഡ്19 ന്റെ മൂന്നു വകഭേദങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യു.കെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. യു.കെയില്‍നിന്നു വന്ന 187 പേര്‍ക്കും, ദക്ഷിണാഫ്രിക്കയില്‍നിന്നു വന്ന നാല് പേര്‍ക്കും ബ്രസീലില്‍നിന്നു വന്ന ഒരാള്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കം വന്ന എല്ലാവര്‍ക്കും പരിശോധന നടത്തുകയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  ബ്രിട്ടനില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. സമാനമായ നടപടി ദക്ഷിണാഫ്രിക്കയില്‍ നിന്നും ബ്രസീലില്‍ നിന്നും എത്തുന്നവര്‍ക്കും ഏര്‍പ്പെടുത്തും.

ജനസംഖ്യയുടെ വലിയൊരുവിഭാഗം ഇനിയും രോഗികളാകാമെന്നും ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 72 ശതമാനവുമുള്ള കേരളത്തോടും മഹാരാഷ്ട്രയോടും കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. 

കൊവിഡ് രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇതുവരെ യു.എസ് ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരുന്നു. യു.കെ വകഭേദം 82 രാജ്യങ്ങളിലും ബ്രസീല്‍ വകഭേദം ഒമ്പത് രാജ്യങ്ങളിലും സ്ഥിരീകരിച്ചു.

പുതിയ വകഭേദങ്ങള്‍ വൈറസ് പടര്‍ത്തുന്നതു വേഗത്തിലാക്കുന്നതും വാക്‌സിനുകള്‍ ഫലപ്രദമാകാനുള്ള സാധ്യത കുറവുള്ളതുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top