News Desk

2021-03-23 05:07:34 pm IST

കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഗള്‍ഫില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. 

സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജാ ഭരണാധികാരിയുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. 

ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ സ്പീക്കര്‍ക്ക് നിക്ഷേപം ഉണ്ടെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.  കോളേജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

ഡോളര്‍ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇഡിക്കുള്ളത്. എന്നാല്‍ എപ്പോള്‍ ചോദ്യം ചെയ്യാനാകുമെന്ന സംശയമുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി അദ്ദേഹത്തിന് സംരക്ഷണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള തടസങ്ങള്‍ ഇഡിക്ക് വെല്ലുവിളിയാകില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യലുണ്ടായേക്കും.

2017 ഏപ്രിലില്‍ സ്വപ്ന ഒമാനില്‍ എത്തിയിരുന്നു. ഈ സമയത്ത് ശിവശങ്കറും ഫ്രാന്‍സില്‍ നിന്ന് ഒമാനിലേക്ക് വന്നിരുന്നു. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്ടറായ ഖാലിദ് എന്നയാളുമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഇതിന് വേണ്ടിയാണോ ഡോളര്‍ കടത്തിയതെന്ന അന്വേഷണമാണ് നടക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top