News Desk

2021-09-21 04:48:06 pm IST
ബെംഗളൂരു: പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് ബെംഗളൂരുവില്‍ ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദര്‍ സിങാണ് ബംഗളൂരുവില്‍ വെച്ച് അറസ്റ്റിലായത്.

സൗത്തേണ്‍ കമാന്‍ഡന്റ് മിലിട്ടറി ഇന്റലിജന്‍സും ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ജിതേന്ദര്‍ അറസ്റ്റിലായത്. ഇയാള്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങള്‍ ഐ.എസ്.ഐക്കും മറ്റും അയച്ചുനല്‍കിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍, ബാര്‍മര്‍ മിലിറ്റര്‍ സ്‌റ്റേഷന്‍, സൈനിക വാഹനവ്യൂഹം എന്നിവയുടെ ചിത്രങ്ങള്‍ പാക് ഏജന്‍സിക്ക് നല്‍കിയെന്നാണ് ആരോപണം. സൈനിക യൂണിഫോം ധരിച്ച് ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. 

ബെംഗളൂരുവില്‍ വസ്ത്ര നിര്‍മാണ ശാലയില്‍ ജോലി ചെയ്യവേയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. സ്ത്രീയുടെ പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇയാളെ ഐ.എസ്.ഐ വലയിലാക്കിയതെന്നാണ് വിവരം. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top