News Desk

2020-02-15 03:42:39 pm IST
വാഷിംഗ്ടണ്‍: 2009 ല്‍ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതിന്് ശ്രീലങ്കന്‍ കരസേനയുടെ ഇപ്പോഴത്തെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഷവേന്ദ്ര സില്‍വയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായി യു.എസ് അറിയിച്ചു.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫോറിന്‍ ഓപ്പറേഷന്‍സ്, അനുബന്ധ പ്രോഗ്രാം അപ്രോപ്രിയേഷന്‍ ആക്റ്റ് എന്നിവയുടെ സെക്ഷന്‍ 7031 (സി) പ്രകാരം ശ്രീലങ്കന്‍ കരസേനയുടെ നിലവിലെ കമാന്‍ഡറും ആക്ടിംഗ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഷവേന്ദ്ര സില്‍വയുടെ മേലാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. 

ആഭ്യന്തരയുദ്ധത്തില്‍ ശ്രീലങ്കന്‍ ആര്‍മിയുടെ 58-ാം ഡിവിഷന്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ എന്നീ വകുപ്പുകളിലാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു.

ഷവേന്ദ്ര സില്‍വയുടെ പൊതു പദവിക്ക് പുറമേ, അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളെയും വകുപ്പ് ഉപരോധിക്കുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
സില്‍വക്കും കുടുംബാംഗങ്ങള്‍ക്കും അമേരിക്ക സന്ദര്‍ശിക്കാന്‍ ഇതോടെ സാധിക്കില്ല.                                               

ഐക്യരാഷ്ട്രസഭയും മറ്റ് സംഘടനകളും രേഖപ്പെടുത്തിയ ഷവേന്ദ്ര സില്‍വയ്ക്കെതിരായ കടുത്ത മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ ഗുരുതരവും വിശ്വാസയോഗ്യവുമാണെന്നും പോംപിയോ പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുക, യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഉത്തരവാദികളായ വ്യക്തികളെ ശിക്ഷിക്കുക, സുരക്ഷാ മേഖല ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ ഭീഷണികളെ നേരിടാന്‍ സുരക്ഷാ സേനയെ സജീകരിക്കാന്‍ സഹായിക്കുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ പറഞ്ഞു.

Top