News Desk

2021-04-15 06:26:05 pm IST
ശ്രീനഗര്‍: സ്വകാര്യ കോച്ചിങ് സെന്ററില്‍ വിദ്യാര്‍ത്ഥിക്കെതിരെ അധ്യാപകന്റെ ക്രൂരമര്‍ദനം. അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ശ്രീനഗറിലെ സ്വകാര്യ കോച്ചിങ് സെന്ററിലാണ് സംഭവം. നിരവധി തവണ വിദ്യാര്‍ഥിയുടെ മുഖത്ത് അധ്യാപകന്‍ ആഞ്ഞടിക്കുന്നതായി വീഡിയോയില്‍ കാണാം. 

അതേസമയം, വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിദ്യാര്‍ഥികളുടെയും ആക്ടിവിസ്റ്റുകളുടെയും ഇടയില്‍ പ്രതിഷേധം ശക്തമായി. വീഡിയോ വൈറലായതോടെ സ്ഥാപനത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജമ്മു കശ്മീര്‍ വിമണ്‍ ആന്‍ഡ് ചൈല്‍ഡ് റൈറ്റ്‌സ് കമീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ വസുന്ധര പതക്ക് മസൂദി ആവശ്യപ്പെട്ടു. അധ്യാപകനെ അതിക്രൂരന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. ബുധനാഴ്ചയോടെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. സഹപാഠികളിലൊരാളാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

വീഡിയോ വൈറലായതോടെ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ഇഷ്ഫാക് അഹ്മദ് എന്നയാള്‍ ട്വീറ്റ് ചെയ്തു. കെമിസ്ട്രി അധ്യാപകനായ അഹ്മദ് സെവായ്ല്‍ ആണ് വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതെന്ന് ഇഷ്ഫാക് ട്വീറ്റില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ട്യൂഷന്‍ സെന്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top