News Desk

2021-02-02 08:36:23 pm IST
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് ഡല്‍ഹിയിലെ സൗദി റോയല്‍ എംബസിയില്‍ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ എല്ലാ വിഭാഗം തൊഴില്‍ വിസകളും ആശ്രിത, സന്ദര്‍ശന വിസകളും സ്റ്റാമ്പിങ്ങിനായി സ്വീകരിച്ചു തുടങ്ങിയതായി ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് സൗദി എംബസി അയച്ച സര്‍ക്കുലറില്‍ പറയുന്നു.

വിസാ സ്റ്റാമ്പിങ് നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഏജന്‍സികള്‍ക്ക് നേരിട്ട് സബ്മിറ്റ് ചെയ്യാം. നേരത്തെയുണ്ടായിരുന്ന അതെ ഫീസും സമയക്രമവും തന്നെയാണ് ഇപ്പോളും ഉള്ളത്. പക്ഷേ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും അംഗീകൃത കേന്ദ്രത്തില്‍ നിന്ന് സ്‌റ്റെറിലൈസ്ഡ് ചെയ്തതായിരിക്കണമെന്ന നിബന്ധനയുണ്ട്. അതിനുവേണ്ടിയുള്ള ഫീസ് മാത്രം അധികമായി നല്‍കേണ്ടി വരും. ഒരു പാസ്‌പോര്‍ട്ട് സ്‌റ്റെറിലൈസ് ചെയ്യാന്‍ 505 രൂപയും മറ്റ് രേഖകള്‍ക്ക് പേജൊന്നിന് 107 രൂപ വീതവുമാണ് ഫീസ്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ഇല്ലാത്ത സാഹചര്യത്തില്‍ വിസ ഉടമകള്‍ക്ക് ദുബൈയോ അനുവദിക്കപ്പെട്ട മറ്റ് ഏതെങ്കിലും രാജ്യം വഴിയോ 14 ദിവസം അവിടെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് യാത്രാ ചെയ്യാമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 

കൊവിഡ്  മഹാമാരിയെ  കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് എംബസിയും മുംബൈയിലെ സൗദി കോണ്‍സുലേറ്റും വിസ സ്റ്റാമ്പിങ് നടപടികള്‍ നിര്‍ത്തിവെച്ചത്. പിന്നീട് സൗദി ആരോഗ്യ മേഖലയിലേക്കും മറ്റ് സര്‍ക്കാര്‍ തലങ്ങളിലേക്കും മാത്രമായ വിസകളുടെ സ്റ്റാമ്പിങ് ഇരു കേന്ദ്രങ്ങളിലും പുനരാരംഭിച്ചിരുന്നു. ഇപ്പോള്‍ എല്ലാ വിഭാഗം വിസകളും സ്വീകരിക്കാന്‍ തുടങ്ങിയെങ്കിലും തല്‍ക്കാലം ഇത് ന്യൂഡല്‍ഹിയിലെ സൗദി എംബസിയില്‍ മാത്രമാണ്. 

ചില നിബന്ധനളോടെയാണ് അപേക്ഷകള്‍ എംബസി സ്വീകരിക്കുന്നതെന്ന് ഫൈന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സൗദി മാര്‍ക്കറ്റിങ് മാനേജര്‍ മുജീബ് ഉപ്പട പറഞ്ഞു. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സൗദി വിദേശകാര്യ മന്ത്രാലയവും ചേമ്പര്‍ ഓഫ് കോമേഴ്‌സും അറ്റസ്റ്റ് ചെയ്ത സേവന വേതന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നിവ സഹിതമാണ് വിസ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ നിബന്ധനകള്‍ പാലിച്ച് പാസ്‌പോര്‍ട്ട് സബ്മിറ്റ് ചെയ്താല്‍ രണ്ടാഴ്ചക്കുള്ളില്‍ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടുമെന്നാണ് ലഭിക്കുന്ന വിവരമെന്നും അദേഹം പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH


Top