News Desk

2021-04-03 05:22:59 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹ്യചര്യം ആണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗണ് ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രണ്ടാഴ്ചയായി കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ തലത്തിലുള്ള ഒരു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരു പക്ഷേ കൊവിഡ് നിയന്ത്രണത്തെ ഒരുപരിധി വരെ തടയാമെന്ന നിര്‍ദ്ദേശം ചില സംസ്ഥാനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

എന്നാല്‍, വീണ്ടുമൊരു ലോക്ക്ഡൗണ്‍ ദേശീയതലത്തിലുണ്ടായാല്‍ സാമ്പത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും മുന്നോട്ട് വച്ചത്. അതേസമയം, നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 

ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഭാഗിക ലോക്ക്ഡൗണോ രാത്രികാല കര്‍ഫ്യുവോ പ്രഖ്യാപിച്ചുകൊണ്ട് ഒരു പരിധി വരെ രേഗവ്യാപനം നിയന്ത്രിക്കാമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. 

ഇപ്പോള്‍ ആറ് സംസ്ഥാനങ്ങള്‍ ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായാണ് വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയില്‍ ഭാഗിക നിയന്ത്രണം  ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഛത്തീസ്ഗഡിലെ ചിലയിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചത്തേക്ക് അവധി നല്‍കി. ഉത്തരാഖണ്ഡിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top