News Desk

2021-04-29 07:38:43 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് നാല്  മുതല്‍ ഒമ്പത് വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്നും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം മെയ് നാല്  മുതല്‍ ഒമ്പത് വരെ ഏര്‍പ്പെടുത്താനാണ് നീക്കം. ആവശ്യമുള്ള കടകള്‍ മാത്രം ഈ ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കും. ഡോര്‍ ഡെലിവറി സംവിധാനം കടകള്‍ ഒരുക്കണം. ജനജീവിതം സ്തംഭിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. 

അതേസമയം, ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും അനാവശ്യ സഞ്ചാരവും നിയന്ത്രിക്കും.  ഈ ദിവസങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിച്ച ശേഷം  കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അതിലേക്ക് പോകും. സര്‍ക്കാര്‍ ഓഫീസുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമോ എന്ന് പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീരിയല്‍ ഷൂട്ടിങ് തല്‍ക്കാലം നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്‌ക് ധരിക്കണം. സാധ്യമെങ്കില്‍ കൈയുറയും ഉപയോഗിക്കണം. സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്സാപ്പിലോ നല്‍കിയാല്‍ അവ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ഡെലിവറി ബോയ്സിനെ നിയോഗിക്കണം. ഇക്കര്യത്തില്‍ മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം പ്രയോജനപ്പെടുത്തണം.

വിവിധ സ്ഥലങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിന് തടസമുണ്ടാകാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ പോലീസ് ഇടപെടും. ഓക്സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ മുന്നിലും പിന്നിലും ഓക്സിജന്‍ എമര്‍ജന്‍സി എന്ന സ്റ്റിക്കര്‍ പതിക്കണം. ഇത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ പോലീസ് വേഗം കടത്തിവിടണം. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കര്‍ പതിക്കണമെന്നും നിര്‍ദേശിച്ചു.
 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top