News Desk

2021-02-22 03:58:46 pm IST

ദോഹ: ഖത്തറില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മുന്നോടിയായി കൊവിഡ്-19 പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ സ്‌കൂളുകള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
 
ഒന്ന് മുതല്‍ 11 ഗ്രേഡുവരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷകള്‍ ഫെബ്രുവരി 24-ന് ആരംഭിക്കും. സ്‌കൂളുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ ബഷ്‌രി പറഞ്ഞു.

സ്‌കൂള്‍ അന്തരീക്ഷം പുറത്തുനിന്നുള്ളതിനേക്കാള്‍ സുരക്ഷിതമാണെന്നും അദ്ദേഹം ഖത്തര്‍ റേഡിയോയോട് പറഞ്ഞു. ''വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാനേജുമെന്റ് ടീമുകള്‍ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൊവിഡ് നടപടികളും പ്രോട്ടോക്കോളും പിന്തുടര്‍ന്ന് വരാനിരിക്കുന്ന പരീക്ഷകള്‍ നടക്കും.'', അല്‍ ബഷ്‌രി പറഞ്ഞു.

നിലവിലെ സാഹചര്യമനുസരിച്ച് പരീക്ഷാ ഷെഡ്യൂളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇത് എല്ലാ ഗ്രേഡുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ക്രമീകരണം അനുസരിച്ച് ക്ലാസ് മുറിയില്‍ 15 വിദ്യാര്‍ഥികളെയും ജിം ഹാളില്‍ 60 വിദ്യാര്‍ഥികളെയും ആയിരിക്കും ഇരുത്തുക. മാര്‍ച്ച് 14-ന് ആരംഭിക്കുന്ന മധ്യകാല അവധിക്കാലത്തിന് മുമ്പ് എല്ലാ ഗ്രേഡുകളിലെയും വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top