News Desk

2021-04-04 03:24:36 pm IST
റിയാദ്: സൗദിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. തീരുമാനം നിങ്ങളുടെ കൈകളില്‍' എന്ന തലക്കെട്ടോടു കൂടി പുറത്തുവിട്ട വീഡിയോയില്‍ കൊവിഡിനെതിരെ ജനങ്ങള്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ക്ഡൗണിനിടെ ഒഴിഞ്ഞ റോഡുകളും കഅബയ്ക്ക് ചുറ്റുമുള്ള ശൂന്യമായ മുറ്റത്തിന്റെ ചിത്രവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗദിയില്‍ ശനിയാഴ്ച മാത്രം 684 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധ 392,009 ആയി ഉയര്‍ന്നു. രാജ്യത്ത് സജീവ കേസുകള്‍ 6,000 പിന്നിട്ടു. അതില്‍ 761 പേര്‍ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 കേസുകളുടെ വര്‍ധനവാണ് ഉണ്ടായത്. 439 രോഗമുക്തിയാണ് ഉണ്ടായത്. ഇതോടെ ആകെ രോഗമുക്തി നേടിയത് 379,312 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 96.7 ശതമാനമാണ്. പുതിയ ആറ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 6,690 ആയി ഉയര്‍ന്നു.

നിലവില്‍ പ്രതിദിനം സൗദിയില്‍ 117,839 പേരാണ് വാക്സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നത്. ഇതുവരെ 4.9 മില്ല്യണ്‍ ഡോസുകള്‍ സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ 34.8 ദശലക്ഷം ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ക്ക് വാക്സിനേഷന്‍ ലഭിച്ചു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ 15.2 ദശലക്ഷത്തിലധികം പി.സി.ആര്‍ പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇതില്‍ 53,777 പരിശോധനകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top