News Desk

2021-02-10 06:42:49 pm IST

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രവാസി വ്യവസായിയുമായ രവി പിള്ളയ്ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് പോയ പ്രവാസികളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഈ നാട് മുതലാളിമാര്‍ ഭരിക്കുന്നതിന്റെ സൂചനയാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

രവി പിള്ളയുടെ കമ്പനി കൊവിഡ് കാലത്ത് ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പിരിച്ചുവിട്ടെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് പോയ പ്രവാസി തൊഴിലാളികളെ പൊലീസ് വഴിയില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് സമരം പൊളിച്ചുകൊടുത്തെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. രാവിലെ എട്ട് മണിക്ക് കസ്റ്റഡിയിലെടുത്തവരെ രണ്ടര മണി വരെ വിട്ടയച്ചിരുന്നില്ല. 

'സംഘര്‍ഷം ഒഴിവാക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറഞ്ഞത്. അവര്‍ സെക്രട്ടറിയേറ്റിലേക്ക് സമരം ചെയ്യാന്‍ പോകുന്നവരാണ്. സമരം സര്‍ക്കാരിന് എതിരെ പോലുമല്ല. രവി പിള്ള എന്ന ഒരു മുതലാളിയ്ക്കെതിരെയാണ്. ആ മുതലാളിക്കെതിരെ സമരം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടി, നമ്മുടെ പൊലീസിന്റെ സര്‍വ്വ സംവിധാനവും ഉപയോഗിച്ച് പാവപ്പെട്ട 65 പേരെ സര്‍ക്കാര്‍ തടവില്‍ വെച്ചെന്നും' കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. 

കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.


'ഇവര്‍ സാധാരണക്കാരും പാവപ്പെട്ടവരും ആയതുകൊണ്ടാണ്. സ്വാധീനമുള്ളവരായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സമരം പൊളിഞ്ഞുപോയി. കോഴിക്കോടും കണ്ണൂരും ഉള്‍പ്പെടെ പല ജില്ലകളില്‍ നിന്നുള്ളവര്‍ തലസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് രവി പിള്ള എന്ന മുതലാളിയുടെ ആവശ്യം ഈ സമരം പൊളിക്കുക എന്നതായിരുന്നു. അത് പൊളിച്ചുകൊടുത്തത് ഈ സംസ്ഥാന സര്‍ക്കാരിന്റെ പൊലീസാണ്. രവി പിള്ളയ്ക്ക് വേണ്ടി വളരെ ഭംഗിയായി സര്‍ക്കാരും പൊലീസും പ്രവര്‍ത്തിച്ചിട്ടുണ്ട്.', മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

'ഇവരുടെ വിഷയത്തില്‍ മുന്നോട്ട് എന്ത് ചെയ്യാനാകുമെന്നത് പരിശോധിക്കും. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന ജാഗ്രത വേണം. ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്. രവി പിള്ളയ്ക്കെതിരെ ഇവിടെയാരും ശബ്ദിക്കാന്‍ പാടില്ലല്ലോ. മാധ്യമങ്ങളില്‍ ആ വാര്‍ത്ത വരില്ല. വാര്‍ത്ത വന്നാല്‍ ആ വാര്‍ത്ത മുങ്ങിപ്പോകും. ഇവര്‍ സമരം ചെയ്താല്‍ അത് വാര്‍ത്തയാകില്ല. മാധ്യമങ്ങള്‍ക്കും എല്ലാവര്‍ക്കും പരിമിതികളാണ്. പക്ഷെ, പൊതുജനത്തിന് പരിമിതികളില്ല. പൊതുജനങ്ങളുടെ പിന്തുണ സമരക്കാര്‍ക്ക് ഉണ്ടാകണമെന്നും' മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് ലൈവില്‍ അഭ്യര്‍ത്ഥിച്ചു.

കൊല്ലം ചിന്നക്കടയിലാണ് സംഭവം നടന്നത്. സൗദി കമ്പനി എന്‍.എസ്.എച്ച് കോര്‍പറേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട 65-ഓളം പേരെ പൊലീസ് ബസ് അടക്കം പിടികൂടുകയായിരുന്നു. 20 വര്‍ഷത്തിലേറെ സര്‍വീസുണ്ടായിരുന്ന തങ്ങളെ യാതൊരു ആനുകൂല്യവും നല്‍കാതെ രവി പിള്ള കൊവിഡ് കാലത്ത് പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ പോകുകയായിരുന്നു തൊഴിലാളികള്‍.

ഇവരെ കസ്റ്റഡിയിലെടുത്തത് സംഘര്‍ഷം ഒഴിവാക്കാന്‍ ആണെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. പ്രതിഷേധിക്കാന്‍ യാത്ര തുടങ്ങിയപ്പോഴേക്കും കസ്റ്റഡിയില്‍ വെച്ചെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ന്നതോടെ പൊലീസ് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. രവി പിള്ളയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇത് പ്രവാസി തൊഴിലാളികള്‍ തന്നെ നിഷേധിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ എന്‍.എസ.്എച്ച് കോര്‍പറേഷന്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500-ഓളം തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ 11 മുഖ്യമന്ത്രിമാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും നാല് മാസം മുന്‍പേ പരാതി നല്‍കിയിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പരാതി ബോധിപ്പിച്ചിട്ടും അനുകൂല നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രവാസി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ജനുവരി 30ന് കൊല്ലത്തുള്ള രവി പിള്ളയുടെ ഓഫീസിന് പുറത്ത് 163 തൊഴിലാളികള്‍ ധര്‍ണ നടത്തി. രണ്ടാം ഘട്ടമെന്ന നിലയില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചാണ് പൊലീസ് ഇന്ന് വഴിയില്‍ വെച്ച് തടഞ്ഞത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ശേഷവും നീതി ലഭിച്ചില്ലെങ്കില്‍ രവി പിള്ളയുടെ കൊല്ലത്തെ വസതിയ്ക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top