News Desk

2021-05-06 07:40:01 pm IST
ദോഹ: യു.കെ, ദക്ഷിണാഫ്രിക്കന്‍ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ ഫലപ്രദമെന്ന് ഖത്തറിന്റെ പഠന റിപ്പോര്‍ട്ട്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

യു.കെ വകഭേദത്തെ തടയുന്നതിന് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ 89.5 ശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറില്‍ ഫെബ്രുവരി ഒന്നിനും മാര്‍ച്ച് 31 നും ഇടയില്‍ രണ്ട് ഡോഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ട രണ്ട് ലക്ഷം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 

ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെ തടയുന്നതിന് ഫൈസര്‍ വാക്‌സിന്‍ 75 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തി. കൊവിഡ് അണുബാധയുണ്ടായതിനു ശേഷം മറ്റു മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിന് വാക്‌സിനുകളുടെ ഫലപ്രാപ്തി വളരെ ഉയര്‍ന്നതാണെന്നും പഠനത്തില്‍ പറയുന്നു. 97.4 ശതമാനം വരെ ഫലപ്രാപ്തി ലഭിക്കുമെന്ന് പഠനത്തില്‍ പറയുന്നു. 

ഖത്തറിലെ കൊവിഡ് കേസുകളില്‍ 50 ശതമാനം ദക്ഷിണാഫ്രിക്കന്‍ വകഭേദവും 44.5 ശതമാനം യു.കെ വകഭേദവുമാണെന്നാണ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 18 വരെ  നടത്തിയ വൈറല്‍ ജീനോ സ്വീകന്‍സിംഗ് സൂചിപ്പിക്കുന്നത്. രാജ്യത്ത് മാര്‍ച്ച് ഏഴിന് ശേഷം രോഗം സ്ഥിരീകരിച്ച മിക്ക കേസുകളും യു.കെ അല്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം മൂലമാണെന്നും പഠനത്തില്‍ പറയുന്നു. 

2020 ഡിസംബര്‍ 21 ന്  ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ ഉപയോഗിച്ച്  രാജ്യത്ത് വലിയ രീതിയില്‍ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു. 2021 മാര്‍ച്ച് 31 വരെ 385853 പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിക്കുകയും 265410 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിക്കുകയും ചെയ്തു. കൊവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ രാജ്യത്ത് വിധേയമാകുന്നതിനിടെയാണ്  വാക്‌സിനേഷന്‍ നടന്നത്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top