News Desk

2020-07-09 11:46:39 pm IST
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ലോക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത അതീവ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് പഠിക്കാന്‍ അഗ്‌നിരക്ഷാസേനാ മേധാവി ആര്‍.ശ്രീലേഖ ഐ.പി.എസിന്റെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പുറമേ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ 'ചിരി' എന്ന പേരില്‍ പദ്ധതി ആരംഭിച്ചു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വഴി ഫോണിലൂടെ കൗണ്‍സിലിങ് നല്‍കുന്ന പദ്ധതിയാണിതെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് ഒരുപാട് ആത്മഹത്യകളുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാര്‍ച്ച് 25 വരെയുള്ള കണക്കെടുത്തപ്പോള്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണങ്ങള്‍ വീട്ടില്‍ തന്നെ കഴിയുന്ന കുട്ടിയുടെ നേരെയുള്ള ഇടപെടലാണ്. മുതിര്‍ന്നവര്‍ കുട്ടികളുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാനും, അവരെ അടുത്തറിയാനും ശ്രമിക്കണം. ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും സ്‌നേഹപൂര്‍വം പെരുമാറാനും സാധിക്കണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കാനും കാത്തുസൂക്ഷിക്കാനും എല്ലാവരും ശ്രദ്ധിക്കണം. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ള വിദഗ്ധസഹായങ്ങള്‍ തേടുക. വിദ്യാഭ്യാസവും കുട്ടികളില്‍ വലിയ തോതില്‍ മാനസികസമ്മര്‍ദ്ദം ഉയര്‍ത്തുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടച്ചിടുന്നതോടെ കുട്ടികള്‍ക്ക് അവരുടെ സുഹൃത്തുക്കളുടെ കൂടെ ഇടപഴകാന്‍  സാധിക്കുന്നില്ല. ഇതു മാനസിക സമ്മര്‍ദത്തിന് കാരണമാകും. 



വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top