News Desk

2021-12-05 08:56:22 pm IST
ന്യൂഡല്‍ഹി: ഭര്‍തൃവീട്ടിലേതു പോലെ തന്നെ സമാനമായ ആഡംബരങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഒരുക്കണമെന്ന യുവതിയുടെ ആവശ്യം തള്ളി സുപ്രിംകോടതി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയാണ് സൗകര്യങ്ങള്‍ നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. 

മുംബൈയിലെ ആഡംബര മേഖലയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. അസ്വാരസ്യങ്ങളെ തുടര്‍ന്ന് യുവതി സ്വയം മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. കേസിന്റെ വിചാരണക്കിടെ മുംബൈയില്‍ വാടകയ്ക്ക് ഒരു വീട് കണ്ടെത്താന്‍ യുവതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. 

ഇതിന് സഹായം ചെയ്തു നല്‍കാന്‍ മുംബൈ ബാന്ദ്രയിലെ കുടുംബ കോടതി രജിസ്ട്രാറോട് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. നേരത്തെ താമസിച്ചിരുന്ന വീടിനു സമാനമായ വിലപ്പമുള്ള കെട്ടിടം കണ്ടെത്താനായിരുന്നു 2020 മാര്‍ച്ച് ആറിന് പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നത്. 

കുടുംബ കോടതി നിര്‍ദേശ പ്രകാരം ആര്‍കിടെക്ട് ബാന്ദ്രയിലും ജൂഹുവിലുമായി 17 വീടുകള്‍ കണ്ടെത്തി. എന്നാല്‍ ഭര്‍തൃവീടിന്റെ അത്രയും സൗകര്യങ്ങളില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി യുവതി എല്ലാം നിരാകരിക്കുകയായിരുന്നു. 

യുവതിയുടെ സമീപനത്തെ വിമര്‍ശിച്ച ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങുന്ന ബഞ്ച് അതേ സൗകര്യവും ആഡംബരവുമുള്ള വീട് തെരഞ്ഞെടുക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് ചോദിച്ചു. അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top