News Desk

2021-05-16 04:53:06 pm IST
ദോഹ: ഖത്തര്‍ ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്ററില്‍ നിന്ന് അവസാന കൊവിഡ് രോഗിയും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതിനോട് അനുബന്ധിച്ച് ആരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സന്ദര്‍ശനം നടത്തി. കൊവിഡ് സെന്റര്‍ എന്നത് മാറ്റി സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

രാജ്യത്ത് കൊവിഡ് വൈറസിന്റെ രണ്ടാം തരംഗം നേരിടുന്നതിന് ഒരുക്കിയ ഏഴ് ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍. ഹസം മെബൈരീക് ഹോസ്പിറ്റല്‍, കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ദി ക്യൂബന്‍ ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, അല്‍ വക്റ ഹോസ്പിറ്റല്‍ എന്നിവയാണ് മറ്റു കേന്ദ്രങ്ങള്‍.

രണ്ടാം തരംഗത്തില്‍ വൈറസിന്റെ വകഭേദം സൃഷ്ടിച്ച ഭീഷണി വലുതായിരുന്നുവെന്നും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനെ നേരിടുന്നതില്‍ സഹിച്ച ത്യാഗങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്. ആശുപത്രി സേവനം ആവശ്യമായ ഏതാനും രോഗികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. ഈ സാഹചര്യത്തില്‍ കോവിഡ് ഹോസ്പിറ്റലുകള്‍ ക്രമേണ സാധാരണ രീതിയിലേക്കു മാറ്റുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top