News Desk

2021-03-22 02:50:44 pm IST
മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സര്‍വേകള്‍ക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്ത്. നിലവിലെ സര്‍വേകള്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാല്‍ക്കാശിന്റെ വിലയില്ലാത്ത സര്‍വേകള്‍ പലതവണ തെറ്റിയിട്ടുണ്ടന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  സര്‍വേകള്‍ക്ക് പിന്നില്‍ ബോധപൂര്‍വമായ ഗൂഡാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതിനെതിരെ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. 

പിണറായി സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് ചില മാധ്യമങ്ങള്‍ സര്‍വേയിലൂടെ കാണിക്കുന്നതെന്നാണ് ചെന്നിത്തല ആരോപിച്ചത്.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നത് പോലെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നല്‍കിയും വരുതിയിലാക്കുകയാണെന്നും 
അഭിപ്രായ സര്‍വേകള്‍ യാഥാര്‍ഥ്യത്തിന് എതിരാണെന്നും ഒരുശതമാനും വോട്ടര്‍മാര്‍ പോലും ഇതില്‍ പങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം, സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രചരണ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top