കൊച്ചി: പൊള്ളുന്ന വെയിലില്‍ തന്റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറില്‍ പോകുന്ന ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. കനത്ത വെയിലില്‍ കുഞ്ഞ് ആ അമ്മയുടെ നെഞ്ചില്‍ ചാഞ്ഞിരിക്കുന്നതാണ് വീഡിയോയിലെ കാഴ്ച.
വനിതാ ദിനത്തിനോട് അനുബന്ധിച്ച് സാമൂഹമാധ്യമങ്ങളില്‍ വന്ന ഈ അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ നിരവധി പേരാണ് ഇതിനോടകം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. ഹൃദയ ഭേദകമായ ഈ ദൃശ്യങ്ങള്‍ കലൂര്‍ കടവന്ത്ര റോഡില്‍ വച്ച് പകര്‍ത്തിയത് ക്യാമറമാന് അനന്തു തുളസിയാണ്.
വീഡിയോ എടുത്തതോ വൈറലായതോ ഒന്നും എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പില്‍ ഈ വീഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നതെന്ന് രേഷ്മ പറയുന്നു. വീഡിയോ കണ്ടതോടെ ജോലി നഷ്ടമാകുമോ എന്നതായിരുന്നു ഭയമെന്നും വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നതെന്നും രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു.
എന്റെ നെഞ്ചില്‍ ചാരിക്കിടക്കുമ്പോള്‍ അവള് ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെണ്‍കുഞ്ഞല്ലേ. ഞായറാഴ്ച ഡേ കെയര്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. ശനിയും ഞായറും ജോലി ചെയ്താല്‍ ഇന്‍സെന്റീവ് കൂടുതല്‍ കിട്ടും. കൂടെ കൊണ്ടുപോകുന്നത് മോള്‍ക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലര്‍ക്കും കൗതുകമാണെങ്കിലും എനിക്കതില്‍ അഭിമാനമാണെന്ന് രേഷ്മ പറയുന്നു.