News Desk

2021-03-08 09:13:09 pm IST
ബേണ്‍: ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുന്നതിന് സ്വിറ്റ്‌സാര്‍ലാന്റില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ നിരോധനത്തെ പിന്തുണച്ചവര്‍ക്ക് നേരിയ ഭൂരിപക്ഷം. മാര്‍ച്ച് ഏഴിന് നടന്ന ഹിതപരിശോധനയില്‍ 51.21 ശതമാനം പേര്‍ നിരോധനത്തെ പിന്തുണച്ചപ്പോള്‍ 48.8 ശതമാനം പേരും നിരോധനത്തെ എതിര്‍ത്തു. ഹിതപരിശോധന ഫലം പുറത്തുവന്നിട്ടുണ്ടെങ്കിലും നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല.

'തീവ്രവാദത്തെ തടയുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി വലതുപക്ഷ സംഘടനയായ എഗര്‍കിംഗര്‍ കമ്മിറ്റിയെന്ന സംഘടനയാണ് ഹിതപരിശോധന ആവശ്യപ്പെട്ടത്. മുസ്ലിം, ഇസ്‌ലാം തുടങ്ങിയ പദങ്ങളൊന്നും ഹിതപരിശോധനയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളില്‍ മുഖം മറക്കുന്നത് നിരോധിക്കണമെന്ന് ചൂണ്ടികാണിച്ചായിരുന്നു ഹിതപരിശോധന ആവശ്യം. 

പ്രക്ഷോഭകാരികളും മറ്റും മുഖം മറക്കുന്നത് തടയുകയാണ് നിരോധന ആവശ്യത്തിന്റെ ലക്ഷ്യമെന്നും ചൂണ്ടികാണിച്ചിരുന്നു. എന്നാല്‍, നിരോധനത്തിന്റെ യഥാര്‍ഥ ലക്ഷ്യം ബുര്‍ഖ, നിഖാബ് തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ വസ്ത്രങ്ങളാണെന്ന് പൊതുവെ വ്യക്തമായിരുന്നു.

എന്നാല്‍ ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധന തള്ളണമെന്ന് നേരത്തേ ജനങ്ങളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് സ്വിസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

സ്വിറ്റ്സര്‍ലാന്‍ഡിന്റെ നിയമപ്രകാരം 100,000 ഒപ്പുകളുടെ പിന്തുണയുമായി എത്തുന്ന ഏത് ഹരജിയും ഹിതപരിശോധനക്ക് എടുക്കും എന്നാണ്. ഈ ചട്ടപ്രകാരമാണ് ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധനയും നടക്കുന്നത്.

രാജ്യത്തെ സംഘടനകളുടെ നടപടി ഇസ്ലാം വിരുദ്ധമാണെന്ന വിമര്‍ശനങ്ങളാണ് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ നിഖാബ്, ബുര്‍ഖ, മറ്റ് മൂടുപടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്നാണ് വിമര്‍ശനമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ സുരക്ഷാ ആശങ്കകള്‍ കാരണമാണ് നിരോധനം കൊണ്ടുവരുന്നതെന്നാണ് സ്വിറ്റ്‌സര്‍ലാന്റിന്റെ മറുപടി. നേരത്തേ രാജ്യത്ത് പുതിയ പള്ളികള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കാനുള്ള വോട്ടെടുപ്പിലും സ്വിസ് വോട്ടര്‍മാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഈ വോട്ടെടുപ്പുണ്ടായത് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

അതേസമയം, സ്വിറ്റ്സര്‍ലാന്‍ഡിലെ ചില പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിലൂടെ നേരത്തേത്തന്നെ മുഖം മുഴുവന്‍ മൂടുന്ന ആവരണങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി ഭരണഘടനാപ്രകാരമുള്ള നിരോധനം കൊണ്ടുവരുന്നത് നല്ല കാര്യമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

സ്വിറ്റ്സര്‍ലാന്‍ഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ജനീവാ തടാകപരിസരത്തുള്ള മോണ്‍ട്രെക്സ്, ഇന്റര്‍ലേക്കന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഗള്‍ഫില്‍ നിന്നും നിരവധി മുസ്ലിം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. നിരോധനം ഇത്തരം സഞ്ചാരികള്‍ രാജ്യത്തേക്ക് വരാതിരിക്കുന്നതിന് കാരണമാകുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലും നിലവില്‍ ബുര്‍ഖ നിരോധിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top